കാലിഫോർണിയ : കമ്പ്യൂട്ടർ പ്രോഗ്രാമുകളിലെ തകരാറുകൾ പരിഹരിക്കുന്ന ‘ഡീബഗ്ഗിംഗ്’ ശൈലി ഇനി കൊതുകുകളെ തുരത്താനും. കൊതുകുജന്യ രോഗങ്ങൾക്കെതിരെ സാങ്കേതികവിദ്യയുടെ കരുത്തുമായി ടെക് ഭീമന്മാരായ ഗൂഗിളിൻ്റെ പ്രത്യേക ‘കൊതുകുപട’ വരുന്നു. ഫ്ളോറിഡയിലെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത 3.2 കോടി ജനസൗഹൃദ കൊതുകുകളെ പ്രകൃതിയിലേക്ക് തുറന്നുവിടാൻ യു.എസ് സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് കമ്പനിയിപ്പോൾ.
എന്താണ് ഗൂഗിളിന്റെ ‘ഡീബഗ്’ പദ്ധതി?
കൊതുകുകൾ പരത്തുന്ന മാരക രോഗങ്ങളെ പ്രതിരോധിക്കാൻ ഗൂഗിളിൻ്റെ ലൈഫ് സയൻസ് വിഭാഗം 2014-ൽ തുടക്കം കുറിച്ച പദ്ധതിയാണിത്. രണ്ടു വർഷത്തെ തീവ്രമായ പരീക്ഷണങ്ങൾക്കൊടുവിലാണ് രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക തരം കൊതുകുകളെ ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തത്. പദ്ധതിയുടെ ആദ്യവർഷത്തിൽ 1.6 കോടി കൊതുകുകളെയാണ് ഇത്തരത്തിൽ ഡിസൈൻ ചെയ്തത്.
വില്ലനാകുന്ന ബാക്ടീരിയ; വംശവർദ്ധനവിന് തടയിടും
പ്രകൃതിയിലുള്ള സാധാരണ കൊതുകുകളുടെ വംശവർദ്ധനവ് തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ‘വോൾബാച്ചിയ പൈപിയന്റിസ്’ (Wolbachia pipientis) എന്ന ബാക്ടീരിയയുടെ പ്രത്യേക സ്ട്രെയിൻ ലബോറട്ടറിയിൽ വളർത്തിയെടുക്കുന്ന ആൺകൊതുകുകളുടെ ശരീരത്തിൽ കുത്തിവെക്കും. ഈ ആൺകൊതുകുകൾ പുറത്തുള്ള പെൺകൊതുകുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ബാക്ടീരിയ അവരിലേക്ക് പകരും.
ഈ ബാക്ടീരിയയുടെ സാന്നിധ്യം കാരണം പെൺകൊതുകുകൾ ഇടുന്ന മുട്ടകൾ വിരിയാതെ വരികയും, അതുവഴി കൊതുകുകളുടെ പെരുപ്പം പൂർണ്ണമായി ഇല്ലാതാവുകയും ചെയ്യും. കൂടാതെ, കൊതുകുകൾക്ക് മാരക വൈറസുകളെ വഹിക്കാനുള്ള ശേഷിയും ഇതോടെ നഷ്ടമാകും.
പരീക്ഷണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ഈ കൊതുകുകളെ പുറത്തുവിടാനായി 2025-ൽ ഗൂഗിൾ യു.എസ് ഫെഡറൽ രജിസ്റ്ററിന്റെ അനുമതി തേടിയിരുന്നു. അനുമതി ലഭിക്കുന്നതോടെ കാലിഫോർണിയ ഉൾപ്പെടെയുള്ള മേഖലകളിൽ കൊതുകുനിർമാർജന രംഗത്ത് വലിയൊരു വിപ്ലവത്തിനാകും ഗൂഗിൾ തുടക്കമിടുക.







