പ്രതിരോധ മേഖലയ്ക്ക് കരുത്തായി 70,000 കോടിയുടെ സർക്കാർ കരാർ; നേട്ടം കൊയ്യാൻ ഈ മുൻനിര ഓഹരി.

ഇന്ത്യൻ നേവിയുടെ സബ്മറൈൻ ശേഷി വർധിപ്പിക്കുന്നതിനായി 70,000 കോടി രൂപയുടെ ഭീമമായ തുകയാണ് കേന്ദ്ര സർക്കാർ നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇന്ത്യയുടെ സബ്മറൈൻ മേഖലയ്ക്ക് കരുത്തു പകരുന്ന മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സിനാണ് കരാർ ലഭിച്ചിരിക്കുന്നത്.

പുതിയ പ്രൊജക്ട്

Project-75I ന്റെ ഭാഗമായി പുതിയ ആറ് പുതുതലമുറ കൺവെൻഷണൽ സബ്മറൈനുകൾ നിർമിക്കാനുള്ള അനുമതിയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നേതൃത്ത്വം നൽകുന്ന ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി അന്തിമ അനുമതി നൽകുന്നതോടെ പുതിയതായി ചുമതലയേൽക്കുന്ന നേവി മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ കരാർ ഒപ്പിടും.

 

സബ്മറൈനുകളുടെ പ്രത്യേകത
നാറ്റോയുടെ നിരവധി നേവി വിഭാഗങ്ങൾ പോലും ഉപയോഗിക്കുന്ന HDW ക്ലാസ് 24 ഡിസൈനിന്റെ വേരിയന്റുകളാണ് പുതുതായി നിർമ്മിക്കുക. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ അന്തർവാഹനികൾക്ക് ദീർഘകാലം സമുദ്രത്തിനടിയിൽ തുടരാനാകും.

ബാറ്ററി റീചാർജ്ജ് ചെയ്യുന്നതിനായി സമുദ്രോപരിതലത്തിലേക്ക് വരേണ്ട സമയം കുറയുന്നതിലൂടെയാണിത്. ഇവിടെ, പരമ്പരാഗത ഡീസൽ ഇലക്ട്രിക് സബ്മറൈനുകളെപ്പോലെ വേഗത്തിൽ ഡിറ്റക്ട് ചെയ്യാൻ സാധിക്കുകയില്ല എന്നതാണ് നേട്ടം.

Project-75I, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സഹകരണവും ലക്ഷ്യമിടുന്നു. ഈ വർഷം ഏപ്രിൽ മാസത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ജർമ്മനിയുടെ ബോറിസ് പിസ്റ്റോറിയസ് എന്നിവർ തമ്മിൽ ഡിഫൻസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേഷൻ റോഡ്മാപ്പിൽ സൈൻ ചെയ്തിരുന്നു. ഡിഫൻസ് ഉപകരണങ്ങൾ, സിസ്റ്റം എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

മേക് ഇൻ ഇന്ത്യ
2047 വർഷത്തോടെ പൂർണമായും സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ഇന്ത്യൻ നാവിക സേനയുടെ ലക്ഷ്യം. മേക് ഇൻ ഇന്ത്യ പദ്ധതി ഇതിനു വേണ്ട പിന്തുണ നൽകുന്നു. നിലവിൽ ഏകദേശം 60 യുദ്ധക്കപ്പലുകളാണ് വിവിധ ഇന്ത്യൻ യാർഡുകളിലായി നിർമാണത്തിലിരിക്കുന്നത്. നിലവിൽ മസഗോൺ ഡോക് ഓഹരിയുടെ വില 2,456.50 രൂപയാണ്. 99,090 കോടി രൂപയാണ് മാർക്കറ്റ് ക്യാപ്.

 

Top News from last week.