കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്ത സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ വിമർശനം. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2024 ഒക്ടോബർ 1 നാണ് സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതുവരെ നിർദ്ദേശം നടപ്പിലാക്കിയില്ല. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ വീണ്ടും ഇടപെട്ടത്.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരടക്കം 18 പേർ കേസിൽ പ്രതികളാണ്. കോളേജ് ഹോസ്റ്റലിൽ വെച്ച് എസ്എഫ്‌ഐ പ്രവർത്തകരടക്കമുള്ളവരിൽ നിന്ന് സിദ്ധാർത്ഥന് ക്രൂരമായി മർദ്ദനമേറ്റു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു.
ബെൽറ്റും മൊബൈൽഫോൺ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തിൽ പലതവണ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീർക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റൽ വാർഡനും ഡീനും പ്രയത്‌നിച്ചുവെന്നും കുടുംബം അടക്കം ആരോപണം ഉയർത്തി.ഒടുവിൽ സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികൾ ഉണ്ടായത്.
കുടുംബത്തിൻറെ ആവശ്യപ്രകാരം കേസ് പിന്നീട് സർക്കാർ സിബിഐയ്ക്ക് വിട്ടെങ്കിലും രേഖകൾ അടക്കം കൈമാറുന്നതിൽ താമസം വരുത്തി കേസ് അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.കേസിലെ പ്രതികൾക്ക് മണ്ണുത്തി ക്യാമ്പസിൽ തുടർ പഠനം നടത്താൻ പിന്നീട് ഹൈക്കോടതി അനുമതി നൽകി. എന്നാൽ ഇത് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് സിദ്ധാർത്ഥൻറെ കുടുംബം.








