സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകി വന്നിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം നിർത്തലാക്കാൻ തീരുമാനിച്ചു. ഇനി മുതൽ കൃത്യമായി ബില്ലടയ്ക്കുന്ന സ്കൂളുകൾക്ക് മാത്രമായിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിഷ്കാരം സംബന്ധിച്ച് കെ-ഫോൺ അധികൃതർ നൽകിയ ഔദ്യോഗിക ഇമെയിൽ സന്ദേശം നിലവിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
കേരളത്തിലെ ഒരു സർക്കാർ ഓഫീസിനും ഇനി മുതൽ ഇത്തരത്തിൽ സൗജന്യ സേവനം ഉണ്ടായിരിക്കില്ലെന്നാണ് കെ-ഫോൺ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആറായിരത്തോളം സ്കൂളുകളിലാണ് നിലവിൽ ഈ പദ്ധതി വഴി ഇന്റർനെറ്റ് കണക്ഷൻ നൽകിയിട്ടുള്ളത്. തുടർന്നും കെ-ഫോൺ സേവനം ആവശ്യമാണോ എന്ന കാര്യം സ്കൂൾ അധികൃതർ അറിയിക്കണമെന്ന നിർദ്ദേശവും ഇപ്പോൾ നൽകിയിട്ടുണ്ട്. 2018 മുതലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ കെ-ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയത്.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഐ.ടി വകുപ്പിന് കീഴിൽ കെ.എസ്.ഇ.ബി, കെ.എസ്.ഐ.ടി.ഐ.എൽ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിനകം തന്നെ വിവിധ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഐ.ടി പാർക്കുകൾ എന്നിവയെല്ലാം കെ-ഫോൺ ശൃംഖല വഴി ബന്ധിപ്പിച്ചിരുന്നു. രാജ്യത്ത് ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.








