തമിഴ്നാട്ടിൽ എല്ലാ എം.എൽ.എമാർക്കും സർക്കാർ വക കാർ: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്


ചെന്നൈ: തമിഴ്‌നാട്ടിലെ ജനപ്രതിനിധികൾക്ക് ആശ്വാസമേകുന്ന നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. സംസ്ഥാനത്തെ മുഴുവൻ നിയമസഭാംഗങ്ങൾക്കും (എം.എ.എൽ.എ.) സർക്കാർ ചെലവിൽ വാഹനവും അസിസ്റ്റന്റിനെയും അനുവദിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. 234 മണ്ഡലങ്ങളിലെയും ജനപ്രതിനിധികൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.

കാർ പരിപാലനം, ഇന്ധനം, ഡ്രൈവറുടെ വേതനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും എം.എൽ.എമാരുടെ പേഴ്‌സണൽ അസിസ്റ്റന്റിനായി 25,000 രൂപയുമാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. വി.സി.കെ. എം.എ.എൽ.എ. ജ്യോതിമണി സഭയിൽ ഉന്നയിച്ച ആവശ്യവും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഈ തീരുമാനം. സ്വന്തമായി വാഹനമില്ലാത്തത് കാരണം മണ്ഡലത്തിലെ ജനങ്ങളിലേക്കും വിദൂര മേഖലകളിലേക്കും എത്താൻ സാധിക്കുന്നില്ലെന്ന് ജ്യോതിമണി ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതിരഹിതമായ ജനസേവനവും സുതാര്യമായ ഭരണവും ഉറപ്പാക്കാനാണ് ഇത്തരം നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രഖ്യാപനത്തിന് പിന്നാലെ ടി.വി.കെ. എം.എൽ.എ. സിന്ധു സഭയിൽ പാട്ടുപാടി നന്ദി അറിയിച്ചപ്പോൾ, എം.എൽ.എ. ജ്യോതിമണിയും മുഖ്യമന്ത്രിക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി.









