അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കൂടി ബി.ജെ.പി പ്രഖ്യാപിച്ചു.
നവംബർ 9 ന് 160 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു.
ധോരാജി മണ്ഡലത്തിൽ സൗരാഷ്ട്ര സർവകലാശാല മുൻ വൈസ് ചാൻസലർ മഹേന്ദ്ര പദാലിയയാണ് സ്ഥാനാർഥി. ഭാവ്നഗർ ഈസ്റ്റ് മണ്ഡലത്തിൽ സേജൽ പാണ്ഡ്യ മത്സരിക്കും. വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ മന്ത്രിയായിരുന്ന വിഭാവ്രി ബെൻ ദവെയാണ് നിലവിലെ എം.എൽ.എ. ഇയാളെ തട്ടിയാണ് സേജൽ പാണ്ഡ്യക്ക് സീറ്റ് നൽകിയത്. ഖംഭാലിയയിൽ മുലു ബേര, കുതിയാനയിൽ ധെലിബെൻ ഒഡെദ്ര, എസ്ടി സംവരണ സീറ്റായ ദെദിയാപദയിൽ ഹിതേഷ് വാസവ, ചോര്യാസിയിൽ സന്ദീപ് ദേശായി എന്നവരാണ് സ്ഥാനാർഥികൾ.
ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിലെ വോട്ടെടുപ്പ്. ഡിസംബർ 8 ന് വോട്ടെണ്ണൽ നടക്കും. ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നവർക്ക് നവംബർ 14 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.