ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു

ജില്ലയിലെ ഭിന്നശേഷിയുളള വോട്ടര്‍മാര്‍ക്കായി ആരോഗ്യ വകുപ്പിന്റെയും കെ എസ് എസ് എമ്മിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പുകള്‍ ഏപ്രില്‍ ഒമ്പതിന് നടത്തുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി  എന്നിവിടങ്ങളിലാണ് ക്യാമ്പ്. മേല്‍ പ്രദേശങ്ങളിലെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തവര്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടവരുമായ 18 വയസ്സിന് മുകളില്‍ പ്രായമുളള ഭിന്നശേഷിക്കാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി www.swavlambancard.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ  ക്യാമ്പില്‍ പങ്കെടുപ്പിക്കൂ. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് ക്യാമ്പില്‍ വരുമ്പോള്‍ ഹാജരാക്കണം.
ക്യാമ്പ് ദിവസം രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെയാണ് രജിസ്ട്രേഷന്‍. ക്യാമ്പില്‍ പങ്കെടുക്കുന്ന ബുദ്ധിപരമായ വൈകല്യമുളളവര്‍ ഐക്യു പരിശോധിച്ച ആറു മാസത്തിനകമുളള റിപ്പോര്‍ട്ട്, കേള്‍വിപരമായ വൈകല്യമുളളവര്‍ ആറ് മാസത്തിനകം ഗവ.സ്ഥാപനത്തില്‍ നിന്നുമെടുത്ത ഓഡിയോഗ്രാം റിപ്പോര്‍ട്ട്, മറ്റ് വൈകല്യങ്ങള്‍ ഉളളവര്‍ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സാ രേഖകള്‍, ആധാര്‍ കാര്‍ഡ്, ക്യാമ്പിലേക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ട് എന്നിവ ഹാജരാക്കണം.
താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് ലഭിച്ച സര്‍ട്ടിഫിക്കറ്റ് പുതുക്കാത്തവരായവര്‍ക്ക് അതിനുളള അവസരം ക്യാമ്പില്‍ ഉണ്ടാകും അവരും മേല്‍പ്പറഞ്ഞ എല്ലാ ടെസ്റ്റുകളും എടുക്കേണ്ടതാണ്.

Top News from last week.