പെലെയെയും മറികടന്ന് ഹാരി കെയ്ൻ; ലോകകപ്പിൽ ഇംഗ്ലണ്ട് നായകന് 13-ാം ഗോള്‍

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞിരുന്നു ഹാരി കെയ്ന്‍. ഇതോടെ ഒരു റെക്കോഡും ഇംഗ്ലണ്ട് നായകനെ തേടിയെത്തി. ഇതിഹാസ താരം പെലെയുടെ ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് മറികടക്കാന്‍ കെയ്‌നിന് സാധിച്ചു. ജയത്തോടെ ഇംഗ്ലണ്ട് അവസാന പതിനാറിലും ഇടം നേടിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ 12 ഗോളുകള്‍ നേടിയിരുന്ന പെലെയുടെ റെക്കോര്‍ഡാണ് കെയ്ന്‍ പഴങ്കഥയാക്കിയത്.

ഈ മത്സരത്തിലെ ഇരട്ട ഗോളോടെ ലോകകപ്പിലെ കെയ്നിന്റെ ആകെ ഗോളുകള്‍ 13 ആയി ഉയര്‍ന്നു. 117 മത്സരങ്ങളില്‍ നിന്ന് 84 അന്താരാഷ്ട്ര ഗോളുകള്‍ എന്ന അപൂര്‍വ്വ നേട്ടവും കെയ്ന്‍ തന്റെ പേരില്‍ കുറിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ (15) സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംപിടിച്ച ഇംഗ്ലീഷ് താരം എന്ന റെക്കോര്‍ഡും ഇതോടെ കെയ്നിന്റെ പേരിലായി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ബ്രയാന്‍ സിപെംഗയിലൂടെ കോംഗോ ലീഡെടുത്തതോടെ ഇംഗ്ലണ്ട് ഞെട്ടി. തോല്‍വി മുന്നില്‍ക്കണ്ട ഇംഗ്ലീഷ് പടയ്ക്ക് കെയ്ന്‍ രക്ഷകനായി മാറുകയായിരുന്നു.

75-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ കെയ്ന്‍, 86-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ വിജയഗോള്‍ സ്വന്തമാക്കി. കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി എന്‍സൗവിന്റെ മികച്ച സേവുകള്‍ ഇംഗ്ലണ്ടിനെ ഏറെ നേരം തടഞ്ഞുനിര്‍ത്തിയെങ്കിലും, കെയ്നിന്റെ അവസാന ഗോളില്‍ അവര്‍ കീഴടങ്ങുകയായിരുന്നു. മത്സരശേഷം കോംഗോ പരിശീലകന്‍ സെബാസ്റ്റ്യന്‍ ഡെസബ്രെ കെയ്നിനെ വാനോളം പുകഴ്ത്തി. ‘ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്ക് മാത്രമേ ഇംഗ്ലണ്ടിനെ ആ ഘട്ടത്തില്‍ രക്ഷിക്കാന്‍ കഴിയൂ. ഞങ്ങള്‍ അവരെ മൂലയില്‍ തളച്ചിരുന്നു, പക്ഷേ ഇത്തരം വലിയ ടീമുകള്‍ എപ്പോഴും തിരിച്ചുവരും.’ ഡെസബ്രെ പറഞ്ഞു. തോറ്റെങ്കിലും തലയുയര്‍ത്തിയാണ് തങ്ങള്‍ ലോകകപ്പില്‍ നിന്ന് മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസ്വദിക്കാന്‍ മറക്കരുത്

വിജയത്തിന് ശേഷം ആരാധകര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന കെയ്ന്‍, സഹതാരങ്ങളോട് ഈ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ നിര്‍ദ്ദേശിച്ചു. ‘ഇതൊരു വലിയ മത്സരമായിരുന്നു. കഠിനമായ മത്സരങ്ങള്‍ ജയിക്കുമ്പോള്‍ ആഘോഷിക്കാന്‍ മറക്കരുത്. ഞങ്ങള്‍ ഇപ്പോഴും ലോകകപ്പിലാണ്, ഓരോ നിമിഷവും ഓരോ ചെറിയ മാര്‍ജിനും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്.’ കെയ്ന്‍ വ്യക്തമാക്കി.

Top News from last week.