അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യം കേരളത്തിന് കൈമോശം വന്നോ? അംബേദ്കറുടെ 135-ാം ജന്മവാർഷികത്തിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്

 ഉന്നത വിദ്യാഭ്യാ രംഗത്തെ അധ്യാപകരുടെ ഉള്ളിലെ ജാതി ബോധത്തിൻ്റെ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷികത്തിൽ കേരള സമൂഹത്തെ അംബേദ്കർ ഉയർത്തിയ മൂല്യങ്ങൾ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാ രംഗത്തെ അധ്യാപകരുടെ ഉള്ളിലെ ജാതി ബോധത്തിൻ്റെ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

അംബേദ്കറുടെ “സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അക്ഷീണ പരിശ്രമങ്ങളെ” ഗവർണർ അർലേക്കർ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അനുസ്മരിച്ചു, ഇന്ത്യൻ ഭരണഘടനയുടെ ശില്പി എപ്പോഴും ഒരു പ്രചോദനമായിരിക്കുമെന്ന് പറഞ്ഞു.

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ. ജാതിവ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള  ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളത്. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത  വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്.

ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുൾപ്പെടെയുള്ള വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്. സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ

ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓർമ്മകളും നമുക്ക് ശക്തി പകരട്ടെ.
എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകൾ.

Top News from last week.

Latest News

More from this section