ചൂട് കടുക്കും: കേരളത്തിൽ താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം; ഒപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ന്യൂനമർദ്ദ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വൈദ്യുതി തടസ്സങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് ചൂടും കടുക്കുമെന്നാണ് പ്രവചനം. ഇതേസമയം തന്നെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ- പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി നിലകൊണ്ടിരുന്ന ഈ ന്യൂനമർദ്ദം നിലവിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത കൽപ്പിക്കുന്നത്.

ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടായേക്കും. വരും മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും, വരും ദിവസങ്ങളിൽ (ഇന്ന് മുതൽ 20 വരെ) സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
മഴ സാധ്യതയ്ക്കൊപ്പം തന്നെ കടുത്ത ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്തുന്ന ഒന്നാണ് ഇടിമിന്നൽ. കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും കണ്ണിൽ പെടണമെന്ന് നിർബന്ധമില്ലാത്തതിനാൽ മുൻകരുതലുകൾ എടുക്കുന്നതിൽ ആരും വീഴ്ച വരുത്തരുത്. മിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമാകുമ്പോൾ തന്നെ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

Top News from last week.