ദുബായ്: ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച്ച അർധരാത്രി മുതൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് റദ്ധാക്കിയത്. ഇന്ത്യ, പാകിസ്താൻ, സൗദി, ബ്രിട്ടൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സർവീസ് റദ്ദുചെയ്തത്. ബുധനാഴ്ച രാവിലെ മുതൽ ദുബായിൽ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കൊച്ചിയിൽ നിന്നടക്കം കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയിൽ ദുബായ് ടെർമിനലിലെ സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കിയത്.
ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയിൽ ദുബായ് അബുദാബി ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ആകെ മരണം 18 ആയി. അതിൽ പത്തുപേർ ഒമാനിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളാണ്.
ഏപ്രിൽ 17ന് ദുബൈയിൽ നിന്ന് പുറപ്പെടേണ്ട ഫ്ലൈ ദുബൈ വിമാനങ്ങൾ മുഴുവൻ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ദുബായിലേക്ക് അടിയന്തരമായി എത്തേണ്ട ആളുകളെ മാത്രമേ തങ്ങൾ ഇപ്പോൾ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു എന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ന്യൂസ് ഏജൻസികളെ അറിയിച്ചത്.
ദുബായിലേക്ക് വരുന്ന വിമാനങ്ങളെ കഴിയാവുന്നത്ര വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥമെച്ചപ്പെടുത്തുന്നവരെ യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരിക്കണം. ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.
തിങ്കളാഴ്ച്ച രാത്രി ആരംഭിച്ച മഴ ബുധനാഴ്ചവരെ നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്. അസന്തുലിതമായ കാലാവസ്ഥ തരംഗങ്ങൾ രണ്ടുതവണ ഈ പ്രദേശത്തുകൂടി കടന്നുപോയതും ഉപരിതല സമ്മർദം കുറവായതുമാണ് ഇത്തരത്തിൽ ശക്തമായ മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.