തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് വൈകുന്നേരം അപകട മുന്നറിയിപ്പ് സൈറണുകൾ പ്രവർത്തിപ്പിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ള 12 ജില്ലകളിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ (KaWaCHaM) സജ്ജീകരണത്തിന്റെ ഭാഗമായി നിർദിഷ്ട സമയങ്ങളിൽ സൈറൺ മുഴങ്ങുക.
റെഡ് അലർട്ട് നിലനിൽക്കുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സൈറൺ സജ്ജമാക്കുന്നത്. വൈകുന്നേരം 3.00 നും 3.30 നും ഇടയിലുള്ള സമയത്തായിരിക്കും ഈ ജില്ലകളിൽ ശബ്ദതരംഗങ്ങൾ മുഴങ്ങുക.
രണ്ടാം ഘട്ടമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ വൈകുന്നേരം 4.00 നും 4.30 നും ഇടയിൽ സൈറണുകൾ പ്രവർത്തിക്കും.
ആധുനിക ദുരന്തനിവാരണ പ്രവർത്തനങ്ങളുടെയും പൊതുജനങ്ങൾക്ക് തത്സമയ ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിന്റെയും ഭാഗമായി വികസിപ്പിച്ചെടുത്ത ‘കവചം’ സംവിധാനം വിലയിരുത്തുന്നതിന്റെ കൂടി ഭാഗമായാണ് ഈ നടപടി. സൈറൺ ശബ്ദം കേട്ട് പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും, കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ അതത് പ്രദേശങ്ങളിലെ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.








