വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി ഉണ്ടായിരുന്ന തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്.വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഇത് ഉച്ചയോടെ ബാലസോറിനും കാനിങ്ങിനും ഇടയിലൂടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.ഇതിനുപുറമെ,കിഴക്കൻ അറബിക്കടലിലും സമീപത്തെ കൊങ്കൺ തീരത്തിന് മുകളിലായും ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ഈ മാസം 31 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 31 വരെയുള്ള ദിവസങ്ങളിൽ പൊതുവെ നേരിയതോ മിതമായതോ ആയ മഴയും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാം.നിലവിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. എന്നാൽ നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഇവിടെ ശക്തമായ മഴയായി കണക്കാക്കുന്നത്.








