തിരുവനന്തപുരം: കേരളത്തിൽ ഇനി 5 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ് എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
ചെല്ലാനം, കണ്ണമാലി മേഖലകളിൽ രൂക്ഷമായ കടലാക്രമണം ഉണ്ട്. ഈമാസം 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 71 കുടുംബങ്ങളിലെ 240 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇവിടെ 11 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിലും മഴയിലും ഒരു വീട് പൂർണമായും 32 വീടുകൾ ഭാഗികമായും നാശനഷ്ടമുണ്ടായി. കൊല്ലത്ത് ഒരു വീട് പൂർണമായും 26 വീടുകൾ ഭാഗികമായും നഷിച്ചു. ആലപ്പുഴയിൽ ഒരു വീട് പൂർണമായും നാലു വീടുകൾ ഭാഗികമായും നശിച്ചു. കോട്ടയത്ത് 12 വീടുകളും എറണാകുളത്ത് 29 വീടുകളും ഭാഗികമായി നശിച്ചു. തൃശൂരിൽ ഒരു വീട് പൂർണമായും 14 വീടുകൾ ഭാഗികമായും നശിച്ചു. പാലക്കാട് നാലു വീടുകൾ പൂർണമായി നശിച്ചു. 32 വീടുകൾ ഭാഗികമായി നശിച്ചിട്ടുണ്ട്. മലപ്പുറത്ത് 32 വീടുകൾ ഭാഗികമായി നശിച്ചു. കോഴിക്കോട് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 88 പേരെ മാറ്റി പാർപ്പിച്ചു. വയനാട് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 122 പേരാണുള്ളത്. കണ്ണൂരിൽ 33 വീടുകൾ ഭാഗികമായി നശിച്ചു. കാസർഗോട് 13 വീടുകൾ ഭാഗികമായി നശിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ഛൻ കോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.






