തിരുവനന്തപുരം: നാടിനെ നടുക്കിയ ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്റെ മോചനത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണര്‍ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോണ്ട് പതിപ്പിച്ചാല്‍ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലമായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിന്‍ സ്വതന്ത്രയാകുന്നത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബര്‍ 7നാണ് ഷെറിന്റെ ഭര്‍തൃപിതാവ് കൂടിയായ കാരണവര്‍ വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയും ഷെറിന്റെ കാമുകന്‍മാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.









