ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ചതിന് ശേഷം ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഇലക്ട്രിക് വാഹന ബ്രാൻഡായ വിഡയെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നേപ്പാളിലെ മുൻനിര ബിസിനസ് ശൃംഖലയായ ചൗധരി ഗ്രൂപ്പിന്റെ കീഴിലുള്ള സിജി മോട്ടോഴ്‌സുമായി കൈകോർത്താണ് കമ്പനി ആദ്യമായി വിദേശ വിപണിയിൽ സാന്നിധ്യമറിയിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച സ്വീകാര്യതയുള്ള നേപ്പാളിൽ സിജി മോട്ടോഴ്‌സുമായി ചേർന്നുള്ള പ്രവർത്തനം വിഡയുടെ ആഗോള വളർച്ചയ്ക്ക് വലിയ അടിത്തറയാകും.
നേപ്പാളിന്റെ സവിശേഷമായ ഭൂപ്രകൃതിക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ വാഹനങ്ങളാണ് കമ്പനി അവിടെ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനം നഗര യാത്രകൾക്ക് അനുയോജ്യമായ വിഡ VX2 ശ്രേണിയിലെ ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഈ ശ്രേണിയിലെ വിഡ VX2 പ്ലസ് മോഡലിൽ 4.4 kWh ശേഷിയുള്ള നീക്കം ചെയ്യാവുന്ന ഇരട്ട ബാറ്ററികളാണ് നൽകിയിട്ടുള്ളത്. വെറും 65 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഡിസി ഫാസ്റ്റ് ചാർജിംഗ് സൗകര്യവും, ഒറ്റത്തവണ ചാർജ് ചെയ്താൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷിയും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. ഇതിനൊപ്പം യുവതലമുറയെയും സാഹസിക യാത്രകളെയും ലക്ഷ്യമിട്ട് വിഡ DIRT.E K3 എന്ന ഓഫ്-റോഡ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാനുഭവവും വിദേശ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ഹീറോ മോട്ടോകോർപ്പ് ലക്ഷ്യമിടുന്നത്. നേപ്പാളിലെ വിജയം മുൻനിർത്തി വരുംദിവസങ്ങളിൽ കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് വിഡയുടെ ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.









