തിരുവനന്തപുരം: പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കൾക്ക് ഹൈക്കമാൻഡ് മുന്നറിയിപ്പ്. പാർട്ടി നേതൃത്വത്തിനൊപ്പം വാർത്ത സമ്മേളനം നടത്താനുള്ള നേതാക്കളുടെ താൽപര്യത്തോടും ഹൈക്കമാൻഡ് പ്രതികരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാൻ ഇതിനിടെ കേന്ദ്രസർക്കാർ ആലോചന തുടങ്ങി. ഹൈക്കമാൻഡ് നിലപാട് കടുപ്പിക്കുമ്പോൾ പ്രവർത്തക സമിതിയംഗം താരിഖ് അൻവർ ശശി തരൂരിന് പിന്തുണ അറിയിച്ചു.
പാർട്ടി മാറ്റി നിർത്തിയിട്ടും ഓപ്പറേഷൻ സിന്ദൂറിൻറെ പ്രധാന മുഖമായി പ്രധാനമന്ത്രിയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ വലിയ പരിഗണനയും കിട്ടി. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദിയുമറിയിച്ചു. വിദേശ സന്ദർശനം കഴിഞ്ഞെത്തിയ തരൂർ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷ ശക്തമാകുമ്പോഴാണ് അകറ്റി നിർത്താനുള്ള ഹൈക്കമാൻഡ് നീക്കം.
സംഘത്തിലുണ്ടായിരുന്ന പാർട്ടി നോമിനി ആനന്ദ് ശർമ്മയെ മാത്രമാണ് ഹൈക്കമാൻഡ് കണ്ട് പര്യടനത്തിൻറെ വിശദാംശങ്ങൾ തേടിയത്. ശശി തരൂർ, സൽമാൻ ഖുർഷിദ്, മനീഷ് തിവാരി എന്നിവർക്ക് സമയം നൽകിയിട്ടില്ലെന്നാണ് വിവരം. പാർട്ടി നേതൃത്വവുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനത്തിന് മടങ്ങിയെത്തിയ നേതാക്കൾ താൽപര്യമറിയിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിനോട് നേതൃത്വം പ്രതികരിച്ചിട്ടില്ല. മറിച്ച് പാർട്ടിയെ വെട്ടിലാക്കുന്ന പ്രതികരണങ്ങൾ നടത്തരുതെന്ന സന്ദേശം എഐസിസിസി ആസ്ഥാനത്ത് നിന്ന് നേതാക്കൾക്ക് നൽകുകയും ചെയ്തു.
ഹൈക്കമാൻഡ് കടുത്ത നിലപാട് തുടരുമ്പോൾ പാർട്ടിയുടെ മുതിർന്ന നേതാവും പ്രവർത്തക സമിതിയംഗവുമായ താരിഖ് അൻവർ ശശി തരൂരിന് പിന്തുണ അറിയിച്ചു. തരൂർ അച്ചടക്കമുള്ള നേതാവാണെന്നും പാർട്ടി ലൈൻ ലംഘിച്ചിട്ടില്ലെന്നും താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൽ നിന്ന് തരൂരിനെ മാറ്റി നിർത്താൻ നേതൃത്വം ശ്രമിച്ചെങ്കിൽ, വിദേശകാര്യ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ളയാളാണ് തരൂരെന്നും താരിഖ് അൻവർ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ എംപിമാരുടെ നേതൃത്വത്തിലുള്ള സ്ഥിരം സമിതി രൂപീകരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആലോചന പുരോഗമിക്കുകയാണ്. ശശി തരൂരിന് പ്രധാന റോൾ നൽകാനാണ് നീക്കം. രാജ്യസ്‌നേഹം ചൂണ്ടിക്കാട്ടി ആ ഓഫറും തരൂർ സ്വീകരിക്കാൻ സാധ്യതയുള്ളപ്പോൾ തള്ളാനും കൊള്ളാനുമാകാത്ത പ്രതിസന്ധിയിലാണ് ഹൈക്കമാൻഡ്.






