കൊച്ചി : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ,ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്.
കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഇത്തരം അലംഭാവം പാടില്ലെന്നു കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതു നിസ്സാരമായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ കോടതി, സ്വത്ത് കണ്ടെത്തൽ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ അഡിഷനൽ ചീഫ് സെക്രട്ടറിയോടു കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.കഴിഞ്ഞ സെപ്റ്റംബർ 23നു പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ ആക്രമണങ്ങളിൽ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്. പോപ്പുലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും വസ്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനോടു നേരത്തേയും ഹൈക്കോടതി നിർദേശിച്ചിരുന്നു. നിരവധി കെഎസ്‍ആർടിസി ബസുകളാണു അക്രമികൾ തകർത്തത്. നൂറുകണക്കിനു പേർ അറസ്റ്റിലായി.