ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ എൻഎച്ച്എഐയോട് ഹൈക്കോടതി
സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ലെന്നും നിരീക്ഷണം
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ദേശീയ പാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതിൽ ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി. ദേശീയപാതാ നിർമ്മാണത്തിൽ വീഴ്ച സമ്മതിച്ച ദേശീയപാതാ അതോറിറ്റി തകർന്ന പാതകളിൽ ഘടനാപരമായ മാറ്റം വരുത്തുമെന്ന് വിശദീകരിച്ചു.
മലബാർ മേഖലയിൽ ദേശീയപാത വ്യാപകമായി തകർന്ന സംഭവത്തിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ രൂക്ഷ വിമർശനം. എന്താണ് സംഭവിച്ചത് എന്നതിൽ ദേശീയപാതാ അതോറിറ്റി ഇടക്കാല റിപ്പോർട്ട് നൽകണം. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നത്. പാത നിർമ്മിച്ചത് നിർമ്മാണത്തിൽ വിദ്ഗധരാണെന്ന് ദേശീയപാതാ അതോറിറ്റിക്ക് ഇപ്പോഴും വിശ്വാസമുണ്ടോയെന്നും ഹൈക്കോടതിയുടെ ചോദ്യം.
തെറ്റായ കാര്യങ്ങൾ സംഭവിച്ചു. ഉദ്യോഗസ്ഥർ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നൽകാൻ സമയം വേണമെന്നും ദേശീയപാതാ അതോറിറ്റി പറഞ്ഞു. ദേശീയ പാത തകർന്ന ഇടങ്ങളിലെ കരാർ കമ്പനികൾക്കെതിരെ നടപടിയെടുത്തു. നിർമ്മാണ ചുമതലയുള്ള കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയെന്നും ദേശീയപാത അതോറിറ്റി പ്രാഥമിക മറുപടി നൽകി. ദേശീയപാതാ അതോറിറ്റിയുടെ ഇടക്കാല റിപ്പോർട്ടിനായി ഹർജി ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ഇതിനിടെ, പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. 20 മീറ്ററോളം നീളത്തിലാണ് വിള്ളലുള്ളത്. റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന കോൺക്രീറ്റ് സ്പാനുകൾ ഇവിടെ അടുക്കി വെച്ചിട്ടുണ്ട്. നിർമ്മാണത്തിൽ ഇരിക്കുന്ന റോഡാണിത്. ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല.






