ഹിജാബ് വിവാദം; ‘ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാൾ’; കുട്ടി സ്‌കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് വി ശിവൻകുട്ടി

കോഴിക്കോട്: ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെൻറിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്‌കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി ശിവൻകുട്ടി വിമർശിച്ചു. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും കുട്ടിയെ സ്‌കൂൾ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കുട്ടിക്ക് ആ സ്‌കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്‌കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച്ച മൂലമാണ് പോകാത്തതെന്ന് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്‌നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ല. എന്നാൽ, സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാൻ കഴിയില്ലല്ലോ. ഇത്തരം ഒരു വിഷയം ഉണ്ടായാൽ ആളി കത്തിക്കുക എന്നതല്ല. ഇടപെടുക അല്ലേ സർക്കാരിന്റെ ചുമതലയെന്ന് മന്ത്രി ചോദിച്ചു.

ഹിജാബ് വിവാദത്തിൽ കുട്ടിയെ സ്‌കൂൾ മാറ്റാൻ കുടുംബം

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്. സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്‌കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്‌കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്‌മെൻറ്. സ്‌കൂൾ മാനേജ്‌മെൻറിൻറെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു.

Top News from last week.

Latest News

More from this section