ഹിന്ദുക്കൾക്ക് ആരാധനാ ഭരണ സ്വാതന്ത്ര്യം വേണം, അത് വിട്ടുതരാത്തതെന്ത്?; ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന് കുമ്മനം രാജശേഖരൻ

ദേവസ്വം ബോർഡ് സംവിധാനം പിരിച്ചുവിടണമെന്നും ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഇടത് വലത് സർക്കാരുകൾ ശബരിമലയെ കൊള്ളയടിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ദേവസ്വം ബോർഡിന് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. സിപിഐഎമ്മിനും കോൺഗ്രസിനും ഇതിൽ പങ്കുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഹിന്ദുക്കൾക്ക് ആരാധനാ ഭരണ സ്വാതന്ത്ര്യം വേണമെന്നും അത് വിട്ടുതരാൻ സർക്കാരുകൾ മടിക്കുന്നതെന്തിനെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു. ദേവസ്വം ബോർഡുകൾ ക്ഷേത്രങ്ങളെ ഭരിക്കാൻ നിയുക്തരാകുന്നത് രാഷ്ട്രീയ പരിഗണനവച്ച് മാത്രമാണ്. അവിടെ ഭക്തരുടെ വികാരം പരിഗണിക്കാറില്ല. അയ്യപ്പസംഗമത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളത്. കോൺഗ്രസും സിപിഎമ്മുും ഹിന്ദുക്കളെ വഞ്ചിച്ചവരാണ്. സർക്കാർ എന്തിനാണ് ഹിന്ദുക്കളുടെ ക്ഷേത്രം ഭരിക്കുന്നതെന്ന് ഇരുപാർട്ടികളും പറയണം. ഇത് വ്യവസ്ഥിതിയുടെ തകരാറാണ്. അതിൽ മാറ്റം വരണം. ദേവസ്വം നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി സജീവമായി സമരങ്ങൾ ചെയ്യുന്നില്ല എന്ന വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്നും ഇന്നലെയും നാളെയും ബിജെപി സമരത്തിലാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ മറുപടി. ഈ വിഷയത്തിൽ ബിജെപിയെ ചിലർ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ബിജെപി എന്ത് ചെയ്യണമെന്ന് ബിജെപിയാണ് തീരുമാനിക്കുന്നതെന്നും അതാരും പറഞ്ഞ് തരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section