പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾക്ക് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ രംഗത്തെത്തി. സാധാരണക്കാരായ പ്രവർത്തകരുടെ ചോരയും നീരും അധ്വാനവും കൊണ്ടാണ് പലരും അധികാരക്കസേരകളിൽ എത്തിപ്പെട്ടതെന്ന് ഓർമിപ്പിച്ച ഗോകുൽ, ആവശ്യം കഴിഞ്ഞാൽ അവരെ തള്ളിക്കളയുന്ന ‘പാലം കടന്നാൽ കൂരായണ’ എന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ചവരെ പരിഗണിക്കാതെ അഹംഭാവം കാണിച്ചാൽ മുൻ ഭരണാധികാരികളുടെ ചരിത്രം ഇവിടെയും ആവർത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.
നേരത്തെ, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ശുപാർശ ചെയ്ത ലിസ്റ്റിലുള്ളവരെ തന്നെയാണ് നിയമിച്ചതെന്നും, എജിയുടെ അഭിപ്രായവും പശ്ചാത്തലവും പരിശോധിച്ചാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടി പോഷക സംഘടനകൾ നൽകുന്ന ലിസ്റ്റ് മാത്രം നോക്കി നിയമനം നടത്താനാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, തിരുവനന്തപുരം ലോ കോളേജ് കെഎസ് യു യൂണിറ്റിനൊന്നും ഈ നിയമനത്തിൽ ഒരു കാര്യവുമില്ലെന്നും മാധ്യമങ്ങൾ ഇത് വെറുതെ ഊതിവീർപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കെഎസ് യു നേതാവിന്റെ പരോക്ഷ പ്രതികരണം പുറത്തുവന്നത്.








