കണ്ണൂര്‍: പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഡോക്ടര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെഎല്ലാതലങ്ങളിലേക്കും മൂന്നുമാസം നീളുന്ന എച്ച്ഐ വി എയ്ഡ്‌സ് ബോധവത്കരണ ക്യാമ്പയിനുമായി ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഫ. തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കുന്ന വിവിധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.വി. ശ്രുതി അധ്യക്ഷയായി.
എച്ച്.ഐ.വി ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്ര ആരോഗ്യ ബോധവത്കരണ പരിപാടികള്‍, മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും കുത്തിവെപ്പും, യുവാക്കള്‍ക്കിടയില്‍ ബോധവത്കരണ പരിപാടി, എച്ച് ഐ വി വ്യാപന സാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പഠനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുക. സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി അവബോധ ക്വിസ് മത്സരങ്ങള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. നവമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ചെറു വീഡിയോ, പോസ്റ്ററുകള്‍ എന്നിവ നിര്‍മ്മിച്ച് ബോധവത്കരണ ക്യാമ്പയിനുകളില്‍ പ്രദര്‍ശിപ്പിക്കും.
കൂടാതെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി പ്രത്യേക പരിശീലന ക്ലാസുകളും നടത്തും. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്യാമ്പയിനുകളും നടത്തും. 2030 ഓടെ സീറോ ന്യൂ കേസ്, സീറോ ഡെത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിവരുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സോനു. ബി. നായര്‍, ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം.ജോര്‍ജ്, തദ്ദേശസ്വയംഭരണം, പൊതുവിദ്യാഭ്യാസം, പോലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.









