ഹോർമുസ് ഉപരോധം തുടരുന്നു; ഇറാൻ്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

ഇറാനിയൻ നേതൃത്വം ഏകീകൃതമായ ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതുവരെയും നിലവിലെ ചർച്ചകൾ പൂർത്തിയാകുന്നത് വരെയും വെടിനിർത്തൽ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ്

ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇറാനിയൻ നേതൃത്വം ഏകീകൃതമായ ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതുവരെയും നിലവിലെ ചർച്ചകൾ പൂർത്തിയാകുന്നത് വരെയും വെടിനിർത്തൽ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ട്രംപ് അറിയിച്ചു.

തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് (Truth Social) ട്രംപ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവർ നേരിട്ട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് സൈനിക നടപടി താത്ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രസ്താവന

“ഇറാൻ സർക്കാർ ആഭ്യന്തരമായി ഭിന്നിച്ചിരിക്കുകയാണ്. ഫീൽഡ് മാർഷൽ ആസിം മുനീർ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ അഭ്യർത്ഥന പ്രകാരം, ഇറാനിയൻ നേതാക്കൾക്ക് ഒരു ഏകീകൃത നിർദ്ദേശവുമായി വരാൻ സമയം നൽകുന്നതിനായി ആക്രമണം തടഞ്ഞുവെക്കാൻ തീരുമാനിച്ചു. എന്നാൽ ഉപരോധം തുടരാൻ സൈന്യത്തിന് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്,” ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, നിശ്ചയിച്ചിരുന്ന ഇസ്ലാമാബാദ് സന്ദർശനം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് റദ്ദാക്കി.

ഇതിനിടെ, പാകിസ്ഥാനിൽ നടക്കാനിരുന്ന ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറി. അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചർച്ചകൾ സമയം പാഴാക്കലാണെന്നുമാണ് ഇറാന്റെ നിലപാട്.

അമേരിക്കയുടേത് ചതിയാണോ?

അമേരിക്കയുടെ വെടിനിർത്തൽ പ്രഖ്യാപനം അപ്രതീക്ഷിതമായി ആക്രമിക്കാനുള്ള ഒരു തന്ത്രമാണെന്ന് ഇറാന്റെ ചീഫ് നെഗോഷ്യേറ്ററുടെ ഉപദേഷ്ടാവ് ആരോപിച്ചു. അമേരിക്കൻ ഉപരോധം ബോംബാക്രമണത്തിന് തുല്യമാണെന്നും ഇതിന് സൈനികമായ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റേത് വെറുമൊരു കളി മാത്രമാണെന്നും തോറ്റുകൊണ്ടിരിക്കുന്ന പക്ഷത്തിന് നിബന്ധനകൾ വെക്കാൻ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന് നന്ദി പറഞ്ഞ് പാകിസ്ഥാൻ

വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ തീരുമാനത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്വാഗതം ചെയ്തു. നയതന്ത്ര ശ്രമങ്ങൾ തുടരാൻ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Top News from last week.

Latest News

More from this section