ലോകം ഭയന്നിരുന്നതു പോലെ തന്നെ ഇറാന്‍- ഇസ്രായേല്‍ യുദ്ധം ഹോര്‍മുസ് കടലിടുക്കിലേയ്ക്ക് എത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാന വ്യാപാര പാതകളില്‍ ഒന്നാണ് ഇറാന്‍ അടച്ചിരിക്കുന്നത്. ഇറാനും, ഒമാറും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് ലോക വ്യാപാരത്തിന്റെ 20 ശതമാനത്തിലധികം കൈകാര്യം ചെയ്യപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ എത്തുന്ന കപ്പലുകള്‍ കത്തിക്കുമെന്ന് ഭീഷണിയാണ് ഇറാന്‍ ഉയര്‍ത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് എണ്ണ വ്യാപാരത്തില്‍ ഹോര്‍മുസ് കടലിടുക്കിനുള്ള പ്രധാന്യം വളരെ വലുതാണ്.
ഇന്ത്യയുടെ ഇന്ധനവില വര്‍ധനയും
യുദ്ധം തുടങ്ങിയതു മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസാര വിഷയം പെട്രോള്‍, ഡീസല്‍ വില വര്‍ധനയാണ്. ഇതിനു പ്രധാന കാരണം എണ്ണവിലതയിലെ കുതിപ്പ് തന്നെ. ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി കൂടി കടുത്തതോടെ ആഗോള എണ്ണവില 80 ഡോളര്‍ കടന്നിരിക്കുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിലുടെ 50- 55 ശതമാനവും, എല്‍പിജി ഇറക്കുമതിയുടെ 80- 85 ശതമാനവും, എല്‍എന്‍ജി ഇറക്കുമതിയുടെ 55- 60 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. മറ്റു പാതകള്‍ വഴി ക്രൂഡ് എത്തിച്ചാല്‍ ലോജിസ്റ്റിക്‌സ് ചെലവ് കുതിക്കുമെന്നതും ശ്രദ്ധിക്കണം. അതിനാല്‍ തന്നെ വിലവര്‍ധന ആശങ്ക തികച്ചും ന്യായമാണ്.
സര്‍ക്കാര്‍ പറയുന്നതെന്ത്?
നിലവില്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ട ഒരു ആവശ്യം ഇന്ത്യയ്ക്ക് ഇല്ലെന്നും, മിഡില്‍ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള റിസര്‍വുകള്‍ ഇന്ത്യയ്ക്ക് ഉണ്ടെന്നുമാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ എണ്ണ ആവശ്യം നിറവേറ്റാനുള്ള കഴിവിനെ മൂന്ന് തലത്തിലുള്ള സംരക്ഷണത്തെ ആശ്രയിച്ച വിലയിരുത്തേണ്ടിയിരിക്കുന്നു. തന്ത്രപരമായ കരുതല്‍ ശേഖരം, ശുദ്ധീകരണശാല സ്റ്റോക്കുകള്‍, വൈവിധ്യമാര്‍ന്ന ഉറവിടങ്ങള്‍ എന്നിവയാണിവ. നിലവില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ യുദ്ധം തുടര്‍ന്നാല്‍ എത്രനാള്‍ ഇന്ത്യയ്ക്ക് വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നത് ഒരു ചോദ്യമാണ്.
ഇന്ത്യയുടെ എണ്ണ ശേഷി
പെട്രോളിയം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 74- 80 ദിവസത്തേയ്ക്കുള്ള എണ്ണ ബഫര്‍ രാജ്യത്തിനുണ്ട്. തന്ത്രപരമായ പെട്രോളിയം റിസര്‍വുകളില്‍ 17- 18 ദിവസത്തേയ്ക്കുള്ള അസംസ്‌കൃത എണ്ണയുണ്ട്. വിശാഖപട്ടണം, മംഗളൂരു, പാദൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ഭൂര്‍ഗഭ എണ്ണ അറകളാണ് തന്ത്രപരമായ പെട്രോളിയം റിസര്‍വുകള്‍. ഐഒസില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങി പൊതുമേഖല എണ്ണക്കമ്പനികളുടെ പക്കല്‍ 55- 60 ദിവസത്തെ ആവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കളും, പെട്രോള്‍, ഡീസല്‍ പോലുള്ള ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങളും ഉണ്ട്.ഇന്ത്യയുടെ തന്ത്രം
വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ പക്കലുള്ള എണ്ണ ശേഖരവും, ഇതോടകം ഹോര്‍മുസ് കടന്ന് ഇന്ത്യ ലക്ഷ്യം വച്ചു വരുന്ന കപ്പലുകളിലെ എണ്ണയും കണക്കാക്കുമ്പോള്‍ 40- 45 ദിവസത്തേയ്ക്ക് ഇന്ധനവില വര്‍ധന ഭയക്കേണ്ടതില്ല. പക്ഷെ യുദ്ധം തുടരുന്ന പക്ഷം 45 ദിവസത്തിനു ശേഷം വിലവര്‍ധന ആവശ്യമായി വന്നേക്കാം. ഇവിടെയാണ് ഇന്ത്യയുടെ തന്ത്രം ആവശ്യമായി വരിക. ഈ തന്ത്രം ഇതോടകം ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. റഷ്യന്‍ എണ്ണ. അതേ യുഎസിനെ മറികടന്ന് റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങല്‍ വീണ്ടും ഉയര്‍ത്തുകയാണ്. യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ എണ്ണ ഉല്‍പ്പാദനം ബാധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ എല്‍പിജി, എല്‍എന്‍ജി പ്രതിസന്ധിയും രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് കൂടാതെ എണ്ണ കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മികച്ച മാര്‍ഗം റഷ്യ തന്നെയാണ്.
വിലകുറഞ്ഞ റഷ്യന്‍ എണ്ണ
യുഎസുമായുള്ള വ്യാപാരക്കരാറിനെ തുടര്‍ന്ന് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങലില്‍ വലിയ കുറവുണ്ടായിരുന്നു. ഇന്ത്യന്‍ റഷ്യന്‍ എണ്ണ പൂര്‍ണ്ണമായി ഒഴിവാക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ഇ്ന്ത്യ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അതെന്തായാലും ഇപ്പോള്‍ നന്നായി. യുഎസ് സുപ്രീം കോടതി ട്രംപിന്റെ നികുതി പരിഷ്‌കാരങ്ങള്‍ റദ്ദാക്കിയതു കൊണ്ട് അധിക നികുതിയെ പറ്റി ഇന്ത്യ ഭയക്കേണ്ടതില്ല. നിലവില്‍ ട്രംപിന് ചുമത്താന്‍ പറ്റുന്ന പരമാവധി നികുതി 15% ആണ്.വ്യാപാരക്കരാര്‍ വഴി ഇന്ത്യ ഉറപ്പിച്ച 18% നികുതിയേക്കാള്‍ കുറവാണിത്. അതിനാല്‍ തന്നെ റഷ്യന്‍ എണ്ണയിലേയ്ക്കുള്ള ഇന്ത്യയുടെ മടക്കം ഉളുപ്പമാണ്. കൂടാതെ നിലവിലെ സാഹചര്യങ്ങളും ഇന്ത്യയുടെ മടക്കത്തെ ന്യായീകരിക്കുന്നു. ട്രംപിന് അമേരിക്കന്‍ ജനതയാണ് വലുതെങ്കില്‍ ഇന്ത്യയ്ക്ക് വലുത് ഭാരത ജനത തന്നെ. ഒരിടവേളയ്ക്ക് ശേഷം വിലകുറഞ്ഞ റഷ്യന്‍ എണ്ണ ഇന്ത്യയിലേയ്ക്ക് ഒഴുകുമെന്ന് വ്യക്തം. ഇത് ആഗോള എ്ണ്ണ വില വര്‍ധനയിലും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.









