കൊല്ലാൻ എത്ര സമയം വേണമെന്നാണ് കരുതുന്നത്’; യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും രാഹുൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഗർഭഛിദ്രം ചെയ്യാൻ യുവതിയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫോൺ സംഭാഷണം റിപ്പോർട്ടറിന്. ഗർഭഛിദ്രം ചെയ്തില്ലെങ്കിൽ തന്റെ ജീവൻ തകരുമെന്ന് രാഹുൽ പറയുന്നത് കേൾക്കാം. യുവതി സമ്മതിക്കാതെ വരുമ്പോൾ രാഹുൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഫോൺ സംഭാഷണത്തിലുണ്ട്.

രാഹുൽ ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിച്ചെന്ന് വെളിപ്പെടുത്തി ആദ്യം രംഗത്തുവന്ന യുവതിയുമായുള്ള രാഹുലിന്റെ ഫോൺ സംഭാഷണമാണിത്. കുഞ്ഞുണ്ടായാലുള്ള പ്രത്യഘാതം ഒറ്റയ്ക്ക് അഭിമുഖീകരിക്കുമെന്ന് യുവതി പറയുമ്പോഴും വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും രാഹുൽ സംസാരം തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ ഈ യുവതിക്ക് അയച്ച വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകൾ റിപ്പോർട്ടർ പുറത്തു വിട്ടിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുൽ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാൽ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തിൽ മരുന്നുകൾ കഴിക്കരുതെന്നും യുവതി പറയുമ്പോൾ ഡോക്ടർ ഉണ്ടായാൽ മതിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോൾ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ഈ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ രാജി.

യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായി റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. ‘ഹു കെയർ’ എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരൻ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

സംഭാഷണത്തിന്റെ പൂർണരൂപം

യുവതി- എന്റെ അനുവാദം ഇല്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്?
രാഹുൽ മാങ്കൂട്ടത്തിൽ- അത് താൻ ആലോചിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് തനിക്ക് ബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
യുവതി- ഇതിന്റെ പ്രത്യാഘാതം ഞാൻ ഒറ്റയ്ക്ക് അഭിമുഖീകരിക്കാമെന്ന് പറഞ്ഞല്ലോ.
രാഹുൽ മാങ്കൂട്ടത്തിൽ- അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഞാൻ പറയുന്നത്. തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ.
യുവതി- അത് താൻ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. എന്നെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിൽ- അത് സ്വാഭാവികമല്ലേ, താൻ ഇപ്പോൾ തന്നെ പറ്റി മാത്രമല്ലേ ആലോചിക്കുന്നത്.
യുവതി- ഒരിക്കലുമല്ല, ഒരിക്കലുമല്ല.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനമെടുക്കുന്നത്.
യുവതി- ഞാൻ തന്നെക്കുറിച്ച് ആലോചിച്ചില്ല എന്നായിരുന്നെങ്കിൽ എന്റെ സുഹൃത്തുക്കളോട് എപ്പോഴെ തന്റെ പേര് പറയാമായിരുന്നു. അവർ എത്രയോ വട്ടം എന്നോട് ചോദിച്ചെന്ന് അറിയാമോ. പറയ് പറയ്. ഇത്രയും ദിവസമായി പറഞ്ഞില്ലല്ലോ.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ ഇതിന്റെ സീരിയസ്നസ് മനസ്സിലാക്കാതെ, എന്റെ ടെമ്പർ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധവുമില്ല.
യുവതി- തന്റെ ടെമ്പർ തെറ്റുമ്പോൾ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചു പറയാൻ പറ്റുന്ന വസ്തു അല്ല ഞാൻ കേട്ടോ. താനാണ് എന്റെ ടെമ്പർ തെറ്റിച്ചത്. താൻ എന്റെ ടെമ്പർ ആണ് തെറ്റിച്ചത്. ഞാൻ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല. ഈ നിമിഷം വരെ മോശമായി ഒരു വാക്കുപോലും പറഞ്ഞില്ല. പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ട്. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല.
രാഹുൽ മങ്കൂട്ടത്തിൽ- തന്റെ പ്രവർത്തി പോരേ.
യുവതി- എന്റെ പ്രവർത്തിയെന്ന് പറഞ്ഞ് എന്റെ കൂടെ ഉണ്ടായെന്ന് താൻ വിചാരിക്കേണ്ട. ഞാൻ ഒരു പെണ്ണാണല്ലോ, ഇതാണോ തന്റെ ആദർശം, വലിയ ആദർശമാണോ? ഇതൊക്കെയാണോ ആദർശം, ലൈഫിൽ കൊണ്ടുവാടോ ആദർശം. ഞാൻ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല, താൻ ചെയ്യുന്ന തെറ്റ് ഞാൻ അതിനോട് ചെയ്യില്ല.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്താണ് ഉദ്ദേശിക്കുന്നത്, താൻ എങ്ങനെയാണ് അത് മാനേജ് ചെയ്യുക?
യുവതി- ഞാൻ അത് മാനേജ് ചെയ്യുമെന്ന് പറഞ്ഞതല്ലേ.
രാഹുൽ മാങ്കൂട്ടത്തിൽ- ഞാൻ ചാടി ചവിട്ട് തരും, കേട്ടോ…, എടോ അത് ഉണ്ടായതിന് ശേഷം താൻ എന്ത് ചെയ്യും?
യുവതി- അത് ഉണ്ടായാൽ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ലല്ലോ
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്താണ് ചെയ്യാൻ പോകുന്നത്. താൻ എന്തെന്ന് പറഞ്ഞു കൊണ്ടുവരും.
യുവതി- ഞാൻ കൊണ്ടുവരില്ല. അത് സേഫ് ആയിരിക്കും. അതിനെ ഇവിടെ കൊണ്ടുവന്നാൽ താൻ കൊന്നു കളയുമെന്ന് എനിക്കറിയാം.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്താ സിനിമ കാണുകയാണോ ഇത്?
യുവതി- സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ. താൻ ഭയങ്കര പ്രാക്ടിക്കൽ ആയിട്ടുള്ള ഒരാളാണ്. അവർ എന്താണ് ചിന്തിക്കുന്നത്, അവർക്ക് ഇങ്ങനെ സംഭവം ഉണ്ടാകുമ്പോൾ എന്ത് ബോണ്ടിംഗ് ആണ് ഉണ്ടാവുക അതൊന്നും തനിക്ക് അറിയേണ്ടതില്ല. തനിക്ക് തന്റെ ജീവിതം, തന്റെ ഫ്യൂച്ചർ, തന്റെ കാര്യം, എല്ലാം തന്റെ കാര്യം. അത് മാത്രം. നാട്ടിൽ നിൽക്കാൻ പോലും പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നിൽക്കുന്ന കാര്യമാണ് ഞാൻ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ- ഞാൻ ഇപ്പോഴും തന്റെ കാര്യമല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.
യുവതി- എന്നെക്കാൾ പ്രാധാന്യം എന്റെ ലൈഫിൽ വരുന്ന ഒരു കുഞ്ഞിന് ഞാൻ കൊടുക്കുന്നുണ്ട്. അത് എന്റെ സ്നേഹമാണ്. അത് തന്റെ പോലത്തെ സ്നേഹമല്ല.
രാഹുൽ മാങ്കൂട്ടത്തിൽ- ആ കുഞ്ഞ് എങ്ങനെയാണ് വളരുന്നത്.
യുവതി- അത് ഞാൻ നോക്കിക്കോളാം, എനിക്ക് അന്തസ്സായി വളർത്താൻ കഴിയും. തന്റെ ഒരു സഹായവും അതിന് ആവശ്യമില്ല.
രാഹുൽ മാങ്കൂട്ടത്തിൽ- എങ്ങനെ വളരും എന്നാണ് താൻ പറയുന്നത്, താൻ എന്തൊക്കെ ഭ്രാന്താണ് കാണിക്കുന്നത്?
യുവതി- ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഞാൻ ഭ്രാന്ത് കാണിക്കുന്നു എന്നാണോ?
രാഹുൽ മാങ്കൂട്ടത്തിൽ- നമ്മൾ ഇങ്ങനെയാണോ പ്ലാൻ ചെയ്തത്, താൻ എന്താടോ എന്നോട് ഇങ്ങനെ ചെയ്യുന്നത്?
യുവതി- തന്നോട് എന്താടോ ചെയ്തത്?. താനല്ലേ എന്നോട് ചെയ്യുന്നത്, ഇങ്ങനെയൊന്നും ഒരാളോടും ചെയ്യരുത്. ഓപ്പോസിറ്റ് നിൽക്കുന്നത് മനുഷ്യരാണെന്ന് ചിന്ത വേണം. ഞാൻ എന്ത് ചെയ്തെന്നാണ് താൻ പറയുന്നത്. ഞാൻ ചെയ്തത് എന്റെ മനുഷ്യത്വത്തിൽ എന്റെ ശരിയാണ്. തന്നെ ബാധിക്കാൻ വേണ്ടി ഞാൻ എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ?
രാഹുൽ മാങ്കൂട്ടത്തിൽ- എന്റെ ലൈഫിൽ ഇത് ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരുമെന്ന് തനിക്ക് അറിയില്ലേ…
യുവതി- തന്റെ ലൈഫ് തകരില്ലേ?
രാഹുൽ മാങ്കൂട്ടത്തിൽ- ഉറപ്പായും എന്റെ ലൈഫ് തകരും. തകരുന്ന പണിയാണ് നീ ചെയ്യുന്നത്
യുവതി- തന്റെ ലൈഫ് തകരുന്ന ഒരു പണിയും ഞാൻ ചെയ്യില്ല
രാഹുൽ മാങ്കൂട്ടത്തിൽ- എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല.
യുവതി- എന്നെ സ്നേഹം കൊണ്ടല്ല താൻ കാണാൻ വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെൻഷൻ മാറി കിട്ടണം. അതിന് ഞാൻ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ..
രാഹുൽ മാങ്കൂട്ടത്തിൽ- എനിക്ക് തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാണ് താൻ കരുതുന്നത്. എത്ര സെക്കൻഡ് വേണമെന്നാണ് താൻ വിചാരിക്കുന്നത്?
യുവതി- എന്നാൽ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യം
രാഹുൽ മാങ്കൂട്ടത്തിൽ- തന്നെ കൊല്ലാൻ ആണെങ്കിൽ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത് ?
യുവതി- എന്നിട്ട് താൻ അങ്ങ് മിടുക്കൻ ആയിട്ട് പോകുമോ
രാഹുൽ മാങ്കൂട്ടത്തിൽ (ചിരിക്കുന്നു)
യുവതി- എന്താണെന്ന് വെച്ചാൽ ചെയ്യൂ, തനിക്ക് കൊല്ലാൻ ആണ് തോന്നുന്നതെങ്കിൽ കൊല്ല്.

 

Top News from last week.

Latest News

More from this section