ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ പോലും നമുക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചില മൃഗങ്ങള്‍ ഒന്നും ഭക്ഷിക്കാതെ ദിവസങ്ങളും മാസങ്ങളോളവും ജീവിക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെയും, നീണ്ട കുടിയേറ്റങ്ങളെയും അതിജീവിക്കാന്‍ ഈ ജീവികള്‍ അവയുടെ മെറ്റാബോളിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുകയും, ഊര്‍ജ്ജം സംഭരിക്കുകയും, കഠിനമായ സമയത്തെ അതിവീജിവിക്കുകയും ചെയ്യുന്നു. ഇത് ഏതൊരു സാഹചര്യത്തെയും അതിജീവിക്കാന്‍ അവയെ പ്രാപ്തരാക്കുന്നു. ഈ ജീവികളെ കുറിച്ചറിയാം.
പെന്‍ഗ്വിന്‍
ചിലയിനം പെന്‍ഗ്വിനുകള്‍ ഭക്ഷണം കഴിക്കാതെ എത്രകാലം വരെയും ജീവിക്കും. കഠിനമായ അന്റാര്‍ട്ടിക്കയിലെ ശൈത്യകാലത്ത് മുട്ടകള്‍ വിരിയിക്കുമ്പോള്‍ ആണ്‍ പെന്‍ഗ്വിനുകള്‍ രണ്ട് മാസത്തോളം ഭക്ഷണം കഴിക്കാതെ കഴിയാറുണ്ട്. ഈ സമയത്ത് ഊര്‍ജ്ജത്തെയും ചൂടിനേയും സംഭരിക്കാന്‍ അവ ശ്രമിക്കുന്നു. വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും കൊടും തണുപ്പിനെ അവ അതിജീവിക്കുന്നു.
മുതലകള്‍
ശരീര താപനില ആന്തരികമായി നിയന്ത്രിക്കാന്‍ കഴിയാത്തതും താപത്തിനായി ബാഹ്യ സ്രോതസ്സുകളെ ആശ്രയിക്കുന്ന മൃഗമാണ് മുതലകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നില്ല. ആരോഗ്യമുള്ള, പ്രായം കൂടുതലുള്ള മുതലകള്‍ക്ക് മൂന്ന് മാസം വരെ ഭക്ഷണം കഴിക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കും. ദിവസങ്ങളോളം നിശ്ചലമായി കിടക്കുന്ന രീതിയും മുതലകള്‍ക്കുണ്ട്.
പാമ്പ്
പെരുമ്പാമ്പുകളെ പോലുള്ള വലിയ പാമ്പുകള്‍ക്ക് എപ്പോഴും ഇരയെ വേട്ടയാടാന്‍ സാധിക്കില്ല. ആഴ്ച്ചകളിലും മാസങ്ങളിലുമാണ് ഇത്തരം പാമ്പുകള്‍ ഇരയെ പിടികൂടുന്നത്. ഇത് അവ വേട്ടയാടിയ അവസാനത്തെ ഇരയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ദിവസങ്ങളോളം എടുത്താണ് പാമ്പുകളില്‍ ദഹനം ഉണ്ടാകുന്നത്. അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആക്കികൊണ്ട്, ഊര്‍ജ്ജം സംഭരിച്ച് മാസങ്ങളോളം ഭക്ഷിക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ പാമ്പുകള്‍ക്ക് സാധിക്കും.
കരടി
ശീതകാല നിദ്ര കഴിഞ്ഞാല്‍ കരടിയുടെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. മാസങ്ങളോളം അവ കഴിക്കുകയോ കുടിക്കുകയോ മലമൂത്ര വിസര്‍ജ്ജനമോ ചെയ്യുന്നില്ല. ശൈത്യകാലത്തിന് മുമ്പ് കൊഴുപ്പ് ശേഖരിക്കുന്നതിനായി അവ ഭക്ഷണം കഴിക്കുന്നു. ഇത് ശീതകാലത്തെ നിദ്രയില്‍ അവയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.












