ചിക്കൻ പക്കോഡ സ്നാക്സ് ആയി കഴിക്കാൻ രസമാണ്. വറുത്തുകോരിയെടുത്ത ചൂട് ചിക്കൻ പക്കോഡ ടുമാറ്റോ സോസിനൊപ്പം കുട്ടികൾക്ക് കൊടുത്തുനോക്കൂ..
ചിക്കൻ പക്കോഡ
ആവശ്യമുള്ള സാധനങ്ങൾ
എല്ലില്ലാത്ത ചിക്കൻ- അരക്കിലോ
സവാള- മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
ഇഞ്ചി- ചെറിയ കഷണം(ചെറുതായി അരിഞ്ഞത്)
പച്ചമുളക്- ആറെണ്ണം(ചെറുതായി അരിഞ്ഞത്)
കുരുമുളകുപൊടി-നാല് ടീസ്പൂൺ
കോൺഫ്‌ളോർ- ആറ് ടീസ്പൂൺ
ബ്രഡ് കഷണങ്ങൾ-ആറെണ്ണം(പൊടിച്ചെടുത്തത്)
ഉപ്പ് -പാകത്തിന്
കറിവേപ്പില-രണ്ട് തണ്ട്
റിഫൈൻഡ് ഓയിൽ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി നല്ലതുപോലെ അരിഞ്ഞെടുക്കുക. സവാള ഇഞ്ചി, വെളുത്തുള്ളി ഇവയും ചിക്കനും മിക്‌സിയിൽ ഇട്ട് ചെറുതായി അരച്ചെടുക്കാം. ശേഷം ഉപ്പ്, കരുമുളകുപൊടി,പച്ചമുളക് കറിവേപ്പില എന്നിവയും കോൺഫ്‌ളോറും വേണമെങ്കിൽ കുറച്ച് വെള്ളവും ചേർക്കാം. ഇതെല്ലാം ചേർത്ത് യോജിപ്പിച്ച് ചെറിയ ബോളുകളാക്കാം. ഈ ബോളുകൾ ബ്രഡ് പൊടിയിൽ ഉരുട്ടിയെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചെറിയ തീയിൽ ബോളുകൾ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം. ടുമാറ്റോ സോസിനോപ്പം വിളമ്പാം.









