ഞാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്,പിണറായിയെ പോലെ ഒളിച്ചുകാണേണ്ട കാര്യമില്ല’; ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വി ഡി സതീശൻ

ഹിന്ദു ഐക്യവേദി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച രഹസ്യമായിരുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് വ്യക്തമാക്കി. പിണറായി വിജയൻ മാധ്യമങ്ങളെ ഒഴിവാക്കി, മറ്റൊരു വാഹനത്തിൽ മസ്കറ്റ് ഹോട്ടലിലെത്തി ആർഎസ്എസ് നേതാക്കളെ ഒളിച്ചുകണ്ടതുപോലെയല്ല താൻ അവരെ കണ്ടത്. താനൊരു പ്രത്യേക വിഭാഗത്തിന്റെ മാത്രമല്ല, മറിച്ച് സംസ്ഥാനത്തിന്റെ മൊത്തം മുഖ്യമന്ത്രിയാണെന്നും, കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെത്തിയ ജനപ്രതിനിധികൾക്ക് അനുമതി നൽകി നിവേദനം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുന്നു എന്ന മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനത്തിനും ഒളിച്ചുകണ്ട ചരിത്രം തനിക്കില്ലെന്ന മറുപടിയാണ് വി ഡി സതീശൻ നൽകിയത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ സൗകര്യം നിഷേധിച്ചു എന്ന വാർത്തകളും മുഖ്യമന്ത്രി നിഷേധിച്ചു. അദ്ദേഹം വിളിച്ച സമയത്ത് ബജറ്റ് തിരക്കുകളിലായിരുന്നതിനാൽ പ്രൈവറ്റ് സെക്രട്ടറിയാണ് ഫോണെടുത്തതെന്നും, പിന്നീട് താൻ തിരിച്ചുവിളിച്ച് അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുള്ള താല്പര്യം സുകുമാരൻ നായർ അറിയിച്ചപ്പോൾ, തീർച്ചയായും വന്ന് കാണാമെന്ന് താൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section