അനന്യയെന്ന മകളില്ല, അങ്ങനെ പറഞ്ഞത് ചിലർ നിർബന്ധിച്ചിട്ട്’; ധർമസ്ഥല കേസിൽ പുതിയ വെളിപ്പെടുത്തൽ

ബംഗളൂരു: കർണാടകയിലെ ധർമസ്ഥലയിലുണ്ടായ ദൂരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ട്വിസ്റ്റ്. കർണാടകയിലെ ധർമസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003 ൽ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. നേത്രാവതി നദിക്കരയിൽ അരക്കോടിയിലേറെ ചെലവിട്ട് കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നും, വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലർ രംഗത്തെത്തിയിരുന്നു.

എന്നാൽ തനിക്ക് അങ്ങനെയൊരു മകളില്ലെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തൽ. ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇൻസൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. ‘ഗിരീഷ് മട്ടന്നവറും ടി ജയന്തും പറഞ്ഞതുകൊണ്ടാണ് താൻ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധർമസ്ഥലയോടും കർണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താൻ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാൻ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തിൽ നിന്ന് ഒഴിവാക്കണം, സുജാത ഭട്ട് പറഞ്ഞു.

ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സുജാത ഭട്ടിന് നോട്ടീസ് നൽകിയിരുന്നു. ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിൽ ഹാജരാകാനും മകൾ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും എസ്‌ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

തന്റെ മകൾ അനന്യ ഭട്ട് മംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരിൽ അഡ്മിഷൻ രേഖകൾ നിലവിലില്ലെന്ന് എസ്‌ഐടി കണ്ടെത്തി. പാസ്പോർട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ, അവർ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല. സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല. സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകൾ വാസന്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2005 വരെ ശിവമോഗയിലെ റിപ്പൺപേട്ടിൽ പ്രഭാകർ ബാലിഗയ്ക്കൊപ്പമാണ് സുജാത താമസിച്ചിരുന്നത്. പിന്നീട്, അവർ ബംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി. ഭാര്യ മരിച്ചതിന് ശേഷം രംഗപ്രസാദ് ഒറ്റയ്ക്കാണ് താമസിച്ചത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. രംഗപ്രസാദിന്റെ മകൻ ശ്രീവത്സയും മരുമകൾ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടിൽ താമസിച്ചിരുന്നപ്പോൾ, സുജാത ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടിൽ വരികയായിരുന്നു. പിന്നീട് അവർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രംഗപ്രസാദിന്റെ മുന്നിൽ വെച്ച് അദ്ദേഹത്തിന്റെ മകൻ ശ്രീവത്സനെയും മരുമകളെയും കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭർത്താവ് ശ്രീവത്സയിൽനിന്ന് വേർപിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് വാസന്തി മടങ്ങി. പിന്നീട് 2007 ൽ സംശയാസ്പദമായ സാഹചര്യത്തിൽ ഇവർ മരിച്ചു. ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു. ഇതോടെ കുടുംബ സ്വത്തിന്മേൽ നിയന്ത്രണം ഉറപ്പിക്കാൻ സുജാതയെ സഹായിച്ചു. ഒടുവിൽ സുജാത ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി. രംഗപ്രസാദിന്റെ പേരിൽ വീടുമുണ്ടായിരുന്നില്ല. 2015 ൽ ശ്രീവത്സ മരിച്ചു. കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ രംഗപ്രസാദ് ഈ വർഷം ജനുവരി 12 ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സുജാതയ്ക്ക് ഇങ്ങനൊരു മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും സഹോദരനും പറഞ്ഞു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വീട് വിട്ട് പോവുകയായിരുന്നു സുജാത. നാൽപ്പത് വർഷത്തിനിടയിൽ അപൂർവമായി മാത്രമാണ് വീട്ടിലെത്തിയിരുന്നത്. കുടുംബവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഒരു വർഷത്തിന് മുമ്പ് വീട്ടിൽ വന്നു. ബംഗളൂരുവിലാണ് താമസമെന്നും കോടീശ്വരിയാണെന്നും പറഞ്ഞിരുന്നു. അപ്പോൾ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പങ്കുവെച്ചില്ലെന്നും സഹോദരൻ പറഞ്ഞു.

Top News from last week.