കൊല്ലം: മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ മുസ്ലീം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീംങ്ങളോട് തനിക്ക് വിദ്വേഷമില്ലെന്നും പരാമർശത്തിന്റെ പേരിൽ തന്നേയും തന്റെ കോലവും കത്തിച്ചുവെന്നും വെള്ളാപ്പള്ളി.
നിലപാടുകൾ പറയുമ്പോൾ താൻ വർഗീയവാദിയാകും. സാമൂഹ്യ നീതി വേണമെന്ന് പറഞ്ഞപ്പോൾ തന്നെ വർഗീയവാദിയാക്കി. എന്നാൽ 30 കൊല്ലമായിട്ടും തനിക്ക് കിട്ടുന്ന പിന്തുണക്ക് യാതൊരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചിലർ താൻ ബിജെപി ആണെന്ന് പറയും, ചിലർ പിണറായിയുടെ ആളെന്ന് പറയും. പലരും തന്നെ പല നിറത്തിലാണ് കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒറ്റപ്പെട്ട് വന്നുകൊണ്ട് വിമർശിക്കുന്ന ചില ശക്തികളുണ്ടെന്നും അവർ എസ്എൻഡിപിയെ തകർക്കാൻ ശ്രമിക്കുന്നവരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിനെ തനിക്ക് പത്തുവർഷമായി അറിയാമെന്നും പച്ചയായ മനുഷ്യനെന്നും പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹമെങ്ങനെ രാഷ്ട്രീയത്തിൽ വന്നതെന്ന് അറിയില്ലെന്നും ഹാസ്യരൂപേണ പറഞ്ഞു. കൊല്ലത്ത് തനിക്ക് സ്വീകരണം നൽകിയ വേദിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.









