സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്ത് എത്തിയ എം എ ബേബി മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദനെ വസതിയിൽ എത്തി സന്ദർശിച്ചു. വിഎസ് ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ആരാണെന്നുള്ളത് എല്ലാവർക്കും അറിയാമെന്നും പാർട്ടിയുടെ ബാല്യപാഠങ്ങൾ പഠിച്ചത് വിഎസിൽ നിന്നാണെന്നും അദ്ദേഹം സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
”സഖാവ് വിഎസ് ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ആരാണെന്നുള്ളത് എല്ലാവർക്കും അറിയാം. പാർട്ടിയുടെ ബാല്യപാഠങ്ങൾ പഠിച്ചത് വിഎസിൽ നിന്നാണ്.അതുകൊണ്ടാണ് ആദ്യം അദ്ദേഹത്തെ കാണാൻ വേണ്ടി എത്തിയത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഞാനും മന്ത്രിയായിരുന്നു. മധുരയിലെ പാർട്ടി കോൺഗ്രസിന്റെ എല്ലാ വിവരങ്ങളും അദ്ദേഹത്തെ മകൻ അറിയിച്ചിരുന്നു.”-അദ്ദേഹം പറഞ്ഞു.
അതിനിടെ എം എ ബേബിയ്ക്ക് ആശംസകളുമായി മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി രംഗത്ത് വന്നു. സിപിഐഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബിക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം എം എ ബേബിക്ക് എ കെ ജി സെന്ററിൽ പ്രവർത്തകരും നേതാക്കളും ഗംഭീര സ്വീകരണം നൽകി. പാർട്ടി ഏൽപിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ ജനറൽ സെക്രട്ടറി ആകാൻ യോഗ്യരായ നിരവധി സഖാക്കൾ ഉണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുകയാണ് വേണ്ടതെന്നും ഇവിടെ കാണിച്ച ആവേശം അതിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.









