അൻവർ മത്സരിച്ചാൽ വോട്ട് വിഘടിച്ചേക്കും, കൂടെ നിർത്തണം; അൻവറിന്റെ പിന്തുണ അനിവാര്യമെന്ന് യുഡിഎഫ്

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ പി വി അൻവറിന്റെ പിന്തുണ അനിവാര്യമെന്ന് വിലയിരുത്തി യുഡിഎഫ്. മുന്നണി പ്രവേശനം ഉണ്ടായില്ലെങ്കിൽ അൻവർ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാൽ വോട്ട് വിഘടിക്കാനുള്ള സാധ്യത കൂടി മുന്നിൽ കാണുകയാണ് യുഡിഎഫ്. നിലമ്പൂരിൽ യുഡിഎഫും അൻവറും ഉന്നയിക്കുന്നത് ഒരേ വിഷയങ്ങളാണെന്നിരിക്കെ അൻവറിനെ ചേർത്തുനിർത്താമെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയേക്കും.
പിണറായി സർക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ ഒന്നിച്ച് നിർത്തണമെന്നും നിർണ്ണായക ഘട്ടത്തിൽ കടുംപിടിത്തം ആവശ്യമില്ലെന്നുമുള്ള പൊതുഅഭിപ്രായം മുന്നണിയിൽ രൂപപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലിരിക്കെ പിണറായി വിജയന് എതിരെ വിജയിക്കുകയെന്നതിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്ന അഭിപ്രായത്തിലാണ് നേതാക്കൾ.
നിലമ്പൂരിലെ ഫലം തുടർഭരണത്തിലേക്കുള്ള സർക്കാരിന്റെ നാന്ദി കുറിക്കലാണെന്ന പ്രചാരണത്തിന് മുൻതൂക്കം നൽകിയാണ് എൽഡിഎഫ് ക്യാമ്പും പ്രവർത്തിക്കുന്നത്. ഈ ഘട്ടത്തിൽ കടുംപിടിത്തം വിട്ട് ഐക്യം രൂപപ്പെടുത്തണമെന്ന അഭിപ്രായം നേതാക്കൾക്കിടയിൽ രൂപപ്പെട്ടു.
സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ നിലമ്പൂരിൽ മത്സരത്തിന്റെ മൂർച്ച കൂടിയിട്ടുണ്ട്. സിപിഐഎം ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും നിലമ്പൂർ സ്വദേശിയും സിപിഐഎം സെക്രട്ടറിയേറ്റ് അംഗവും യുവ മുഖവുമായ സ്വരാജിനെ രംഗത്തിറക്കിയതോടെ മത്സരം കടുത്തുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഈ ഘട്ടത്തിൽ അൻവറിനെ പിണക്കേണ്ടതില്ലെന്ന ആലോചനയും യുഡിഎഫ് കേന്ദ്രത്തിലുണ്ട്.

Top News from last week.

Latest News

More from this section