തള്ളൽ കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ!’: മുഖ്യമന്ത്രിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനങ്ങൾക്കെതിരെ കടുത്ത പരിഹാസവുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ ലഭിച്ചേനെ എന്നായിരുന്നു സതീശന്റെ ചില പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രതിപക്ഷ നേതാവിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയ സതീശന് സംസ്ഥാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽ ഭാഗികമായെങ്കിലും സത്യമുണ്ടാകണമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കോൺഗ്രസിന്റെ കവലയോഗങ്ങളിലെ പ്രസംഗം പോലെയല്ല, ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയതെന്നും അതുകൊണ്ടാണ് പ്രസ്തുത വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടി വന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഒടുവിൽ അത് കപ്പലല്ല ബോട്ടാണെന്നും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്ന നിക്ഷേപമാണെന്നുമുള്ള സത്യം മുൻ വ്യവസായ മന്ത്രി പി. രാജീവ് രേഖകൾ സഹിതം പുറത്തുവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സർക്കാർ രണ്ടു മാസം തികയ്ക്കുന്ന വേളയിൽ സർക്കാരിന്റെ പ്രകടനത്തെ വിലയിരുത്താൻ നിരവധി കാര്യങ്ങളുണ്ടെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇത്തരം തള്ളലുകൾക്ക് അപ്പുറം മുഖ്യമന്ത്രിയും മുന്നണിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നടപ്പിലാക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ പരിലാളനയിൽ താനൊരു മുഖ്യമന്ത്രിയാണെന്ന ബോധ്യം വി.ഡി. സതീശൻ മറന്നുപോകരുതെന്നും വരുംദിവസങ്ങളിൽ ആ ബോധ്യത്തോടെ വേണം പ്രവർത്തിക്കാനെന്നും അദ്ദേഹം കുറിച്ചു. സ്വന്തം സംഘടനയായ കെ.എസ്.യുവിന്റെ പിള്ളേരുടെ മുന്നിലെങ്കിലും താനൊരു മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Top News from last week.