കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ല, എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികൾക്ക്…’: മോഹൻലാൽ

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്നും, മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും, ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

 

കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികൾക്കുള്ളതാണെന്നും മറുപടി പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു. ഇത് താൻ വളർന്ന മണ്ണാണെന്നും, വൈകാരിക ഭാരം മറച്ചുവയ്ക്കാൻ തന്റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ, ഇത് ഞാൻ വളർന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാൻ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാൻ അന്ന് തീരുമാനിച്ചത് ഓർക്കുമ്പോൾ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാർഥനയോടെ. കാണുന്നവർക്ക് അനായാസമായി തോന്നുന്നെങ്കിൽ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം. കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ല, എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികൾക്ക്.’ സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ഏറ്റുവാങ്ങികൊണ്ട് മോഹൻലാൽ പറഞ്ഞു.

Top News from last week.

Latest News

More from this section