തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപകരണക്ഷാമമുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തുടർനടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു.
പ്രതികാര നടപടികൾ ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യത്തെ തകർക്കുമെന്നും ഐഎംഎ വ്യക്തമാക്കി. ഹാരിസിനെതിരെയുള്ള നീക്കങ്ങൾ പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഡോക്ടർ ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറിൽ ആണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. സ്വന്തം വകുപ്പിലെ തകരാറുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചില്ല. ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം. മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തിയതിന്റെ പേരിൽ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഹാരിസ് ചിറക്കൽ ശ്രമിച്ചതായി കാരണം കാണിക്കൽ നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകൾ മുടക്കിയെന്നും എന്നാൽ ശസ്ത്രക്രിയ മുടക്കിയ ദിവസം പ്രോബ് ഉണ്ടായിരുന്നുവെന്നും കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ പ്രതികരണവുമായി ഹാരിസ് ചിറക്കൽ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ മുടക്കി എന്നുള്ള ആരോപണം കള്ളമാണെന്നും തനിക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്നുമായിരുന്നു ഹാരിസ് ചിറക്കൽ പറഞ്ഞത്.
ഇതിന് പന്നാലെ മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി ഹാരിസ് ചിറക്കൽ രംഗത്തെത്തി. തുടർന്ന് വകുപ്പുതല അന്വേഷണവും ആരംഭിച്ചിരുന്നു.








