ധർമ്മടം ഐലന്റ് കാർണിവൽ’ ഉദ്ഘാടനം 23ന്

കണ്ണൂർ : ധർമ്മടം ഗ്രാമപഞ്ചായത്തും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ധർമ്മടം ഐലന്റ് കാർണിവൽ’ ഡിസംബർ 23ന് വൈകീട്ട് ആറിന് ധർമ്മടം തുരുത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10 ദിവസത്തെ കാർണിവലിന്റെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികൾ, എക്‌സിബിഷൻ, വിപണനമേള, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിംഗ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 23ന് വൈകീട്ട് അഞ്ചു മണിക്ക് മൊയ്തു പാലം പരിസരത്ത് നിന്നും വിളംബര ഘോഷയാത്ര ഉണ്ടാവും. വികസന ചർച്ച, മയക്കുമരുന്നിനെതിരെ ജനകീയ ബോധവത്കരണം എന്നിവ സംഘടിപ്പിക്കും. എല്ലാ ദിവസവും രാത്രി 7.30നാണ് കലാസാംസ്‌കാരിക പരിപാടികൾ. 23ന് സിതാര കൃഷ്ണകുമാറും നിരഞ്ജ് സുരേഷും ഒരുക്കുന്ന സംഗീതവിരുന്ന്, 24ന് പയ്യന്നൂർ ലാസ്യയുടെ സൂര്യപുത്രൻ നൃത്താവിഷ്‌കാരം, 25ന് അകംപുറം നാടകം, 26ന് ഭാരത് ഭവൻ ഒരുക്കുന്ന ഇന്ത്യൻ ഗ്രാമോത്സവം, 27ന് ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന അറിവരങ്ങ്, 28ന് അനിത ഷെയ്ക്കിന്റെ ലൈവ് മ്യൂസ്‌ക്ക് ബാൻഡ്, 29ന് ഗുരു ഗോപിനാഥ് നടന ഗ്രാമം ഒരുക്കുന്ന നടനരാവ്, 30 ന് കൊച്ചിൻ കലാഭവന്റെ മിമിക്‌സും ഗാനമേളയും, 31ന് ഇശൽ നിലാവ്, ജനുവരി ഒന്നിന് ഗ്രാമപ്രതിഭകളുടെ നൃത്തവും പാട്ടും എന്നിവ അരങ്ങേറും. ധർമ്മടം തുരുത്തിലേക്ക് വിനോദ സഞ്ചാര സാധ്യതകളെ ആകർഷിക്കുകയാണ് കാർണിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി പറഞ്ഞു.

Top News from last week.