സംസ്ഥാനത്ത് ചൂട് കനക്കുന്നതിനോടൊപ്പം പലജില്ലകളിലും മഞ്ഞപിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപെടുത്തിയിട്ടുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും അസുഖത്തിന് കാരണമാകുന്നത്.
വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾകരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമാകുന്നത് മരണത്തിന് കാരണമായേക്കും. ലക്ഷണങ്ങൾ മനസ്സിലാക്കി കൃത്യമായി ശാസ്ത്രീയമായ ചികിത്സ തേടുകയാണ് പ്രധാനം.
ശ്രദ്ധിക്കേണ്ടവ
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്. കിണർവെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണം. അത്തരം പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കണം.