ഇന്ത്യ ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച വേദി: നിർമല സീതാരാമൻ


ഇന്ത്യ ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച വേദി: നിർമല സീതാരാമൻ

ചിക്കാഗോ: ആഗോള കമ്പനികൾ വിതരണ ശൃംഖലകളും മൂലധന വിനിയോഗവും പുനഃപരിശോധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യ വിശാലമായ വിപണിയുടെ വലുപ്പത്തിനൊപ്പം ദീർഘകാല നിക്ഷേപത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ശക്തമായ വേദിയാണെന്ന് കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ.
അമേരിക്കയിലെ ചിക്കാഗോയിൽ പ്രമുഖ നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും നടത്തിയ ഉന്നതതല ബിസിനസ് റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ സമഗ്രമായ സാമ്പത്തിക വളർച്ച, തുടർന്നുവരുന്ന പരിഷ്‌കരണ നടപടികൾ, ദീർഘകാല നിക്ഷേപത്തിനായി തുറന്നുവരുന്ന പുതിയ അവസരങ്ങൾ എന്നിവ അവർ വിശദീകരിച്ചു.
ഇന്ത്യയിൽ നിർമിക്കുക – ഇന്ത്യയ്ക്കും ലോകത്തിനുമായി’ എന്ന ആശയത്തിനായിരുന്നു യോഗത്തിൽ പ്രധാനമായും ഊന്നൽ നൽകിയത്. ഉൽപ്പാദന മേഖല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മേഖല, ധനകാര്യ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസംസ്‌കരണം, പ്രതിരോധം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു.









