ട്രംപിനെ വീണ്ടും തള്ളി ഇന്ത്യ; വെടിനിർത്തൽ നേരിട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെയെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കയുടെ മധ്യസ്ഥത അവകാശവാദം വീണ്ടും തള്ളി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വെടിനിർത്തൽ നടന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. മെയ് പത്തിന് വെടിനിർത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പാകിസ്താൻ സൈന്യത്തിന്റെ സന്ദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ നടത്തിയതെന്നും ഒരു ഡച്ച് മാധ്യമത്തോട് പ്രതികരിക്കവെ ജയശങ്കർ പറഞ്ഞു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷത്തിൽ ലോക രാജ്യങ്ങൾ വിളിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി താനും സംസാരിച്ചിരുന്നു. വിഷയത്തിൽ യുഎസ് പ്രസിഡന്റ് അടക്കമുള്ളവർക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ അവരും പാകിസ്താന്റെ ഭാഗത്തുനിന്ന് സംസാരിച്ചുവെന്നും ജയശങ്കർ വിശദീകരിച്ചു.
പാകിസ്താനുമായി ഇനിയും ചർച്ചകൾ നടത്താൻ തയാറാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണിത് പാകിസ്താൻ തീവ്രവാദം അവസാനിപ്പിക്കണം. പാകിസ്താൻ തീവ്രവാദപരമായ നിലപാട് തുടരുകയാണ്. ഇന്ത്യയ്ക്ക് എന്നും പ്രശ്നക്കാരായ അയൽക്കാരായിരുന്നു പാകിസ്താനും ചൈനയുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
ഏപിൽ 22നായിരുന്നു ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നതിന് പിന്നാലെയായിരുന്നു ഇന്ത്യ പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ ഉൾപ്പെടെ 26പേരായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പൈൻ മരങ്ങൾക്കിടയിൽ നിന്ന് ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തുകയായിരുന്നു. വെടിവെപ്പിൽ കശ്മീർ സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പാകിസ്താൻ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. സിന്ധു നദീതട കരാർ റദ്ദാക്കുന്നതടക്കം ശക്തമായ നടപടികൾ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിലെ ഭീകരാക്രമണ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ തിരിച്ചടി നൽകുകയും ചെയ്തു. മെയ് പത്തിനായിരുന്നു ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അമേരിക്കയുടെ ഇടപെടലാണ് വെടിനിർത്തലിലേയ്ക്ക് നയിച്ചതെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എസ് ജയശങ്കർ അടക്കം ട്രംപിന്റെ വാദം പല തവണ തള്ളിയെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യു എസ് പ്രസിഡന്റ്.

Top News from last week.

Latest News

More from this section