പാകിസ്ഥാൻ–ചൈന അതിർത്തി സംയുക്ത കമ്മീഷൻ നിയമവിരുദ്ധമെന്ന് ഇന്ത്യ; ശക്തമായ എതിർപ്പ്


പാകിസ്ഥാൻ–ചൈന അതിർത്തി സംയുക്ത കമ്മീഷൻ നിയമവിരുദ്ധമെന്ന് ഇന്ത്യ; ശക്തമായ എതിർപ്പ്

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് പ്രവർത്തനക്ഷമമാക്കിയ അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമപരമായ അടിസ്ഥാനവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഇന്ത്യൻ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ഇത്തരം ധാരണകളിൽ ഏർപ്പെടാൻ യാതൊരു നിയമപരമായ അവകാശവുമില്ലെന്ന് ജയ്‌സ്വാൾ പറഞ്ഞു. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.
1963ലെ പാകിസ്ഥാൻ–ചൈന അതിർത്തി കരാറിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത് നിയമവിരുദ്ധവും അസാധുവുമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താനോ അധിനിവേശത്തിന് നിയമസാധുത നൽകാനോ ഉള്ള ഏതൊരു നീക്കത്തെയും ഇന്ത്യ എതിർക്കുമെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പാകിസ്ഥാൻ–ചൈന അതിർത്തി സഹകരണം അംഗീകരിക്കാനാകില്ലെന്നും അത് ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഉടൻ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.








