ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് ശ്രമങ്ങള്‍ തുടരുന്നു. നിമിഷപ്രിയയുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജോണും ഇന്നലെ ഇന്ത്യന്‍ എംബസി ഊദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കായി സനയില്‍ എത്തി. ബിസിനസ് മേഖലകളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വിവിധ ഉന്നത വ്യക്തികളും ഇടപെടല്‍ നടത്താന്‍ ശ്രമം നടത്തുന്നുണ്ട്.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ നിലപാട് നിര്‍ണായകമാണ്. കുടുംബവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനും ശ്രമം തുടരുകയാണ്. ആവശ്യമെങ്കില്‍ ദിയാധനം കൂടുതല്‍ നല്‍കാനും തയാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യെമന്‍ പൗരന്റെ കുടുംബമാണ് തീരുമാനമെടുക്കേണ്ടത്. കുടുംബത്തിന്റെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. അനുകൂല നിലപാട് ഉണ്ടായാല്‍ വധശിക്ഷ ഒഴിവാക്കാനോ നീട്ടിവെക്കാനോ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിമിഷപ്രിയയുടെ കുടുംബം.
ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖേനെയും അനുകൂല തീരുമാനത്തിനായി ഇടപെടലുകള്‍ നടത്തുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനായി ഇന്ത്യന്‍ എംബസി മുഖേനെ നയതന്ത്ര ഇടപെടലുകള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.









