ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം വരുന്നു നിര്‍മ്മാണ ഉദ്ഘാടനം നാളെ മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ നിര്‍വ്വഹിക്കും


ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം വരുന്നു

നിര്‍മ്മാണ ഉദ്ഘാടനം നാളെ മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ നിര്‍വ്വഹിക്കും
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും ശാക്തീകരണവും ലക്ഷ്യമിട്ട് ഒരുങ്ങുന്ന മാതൃകാ ‘ഭിന്നശേഷി പുനരധിവാസ ഗ്രാമ’ത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30ന് മലപ്പുറം പുത്തനത്താണി ചുങ്കം ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പുത്തനത്താണി ചുങ്കത്ത് അഞ്ച് ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബൃഹദ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം, ക്ഷേമം, സാമൂഹിക സുരക്ഷ, അവസര സമത്വം, സ്വയംപര്യാപ്തത, അന്തസ്സോടെയുള്ള ജീവിതം എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിത്വത്തിന്റെ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, സമയബന്ധിതമായ ഇടപെടല്‍, ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍, സാമൂഹിക-സാമ്പത്തിക ശാക്തീകരണം തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴില്‍ ഏകോപിപ്പിച്ച് ലഭ്യമാക്കാന്‍ പുനരധിവാസ ഗ്രാമത്തിന് സാധിക്കും. ഭിന്നശേഷിക്കാരുടെ പൂര്‍ണ്ണമായ സാമൂഹിക ഉള്‍ച്ചേരല്‍ ഉറപ്പാക്കുന്ന സംസ്ഥാനത്തെ തന്നെ മാതൃകാ സംരംഭമായാണ് സാമൂഹ്യനീതി വകുപ്പ് ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ ഒന്‍പത് മണി മുതല്‍ രജിസ്‌ട്രേഷനും പത്ത് മണി മുതല്‍ ഭിന്നശേഷി കുട്ടികളുടെ സര്‍ഗോത്സവവും അരങ്ങേറും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാകും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി. സ്വാഗതവും ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തും.








