ട്രംപിനെ തോൽപ്പിക്കാൻ ഇന്ത്യയുടെ തുറുപ്പുചീട്ട്; വീണ്ടും ചർച്ചയാകുന്ന സ്വദേശി പ്രസ്ഥാനം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് രാജ്യത്തെ വ്യാപാര മേഖലയിൽ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. പല വ്യവസായങ്ങൾക്കും തൊഴിലുകൾക്കും ഇത് കനത്ത പ്രഹരമേൽപ്പിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ വെല്ലുവിളിയെ അവസരമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ഇന്ത്യ. ‘സ്വദേശി’ ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു പുതിയ തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് യുഎസിന്റെ നീക്കം. കഴിഞ്ഞ ശനിയാഴ്ച വാരാണസിയിൽ നടത്തിയ പ്രസംഗത്തിൽ, വ്യാപാരികളോട് കടകളിൽ ‘സ്വദേശി ഉത്പന്നങ്ങൾ’ മാത്രം വിൽക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന് ചെയ്യുന്ന വലിയ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരക്കരാറിലെ തർക്കങ്ങൾ

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുമ്പോഴും, താരിഫ് പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കിയത്. ഇന്ത്യയുടെ വിപണി വളരെ അടഞ്ഞതാണെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പുറമെ, ഇന്ത്യയുടെ ബ്രിക്സ് അംഗത്വവും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമടക്കമുള്ള കാര്യങ്ങളിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റഷ്യയുമായി ഇന്ത്യ തുടരുന്ന വ്യാപാര ബന്ധങ്ങൾക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണികളെ വകവെക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താൻ എണ്ണക്കമ്പനികൾക്ക് സർക്കാർ ഇതുവരെ നിർദേശം നൽകിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ എടുത്തുപറഞ്ഞു.

കയറ്റുമതിക്കാരെ സംരക്ഷിക്കാൻ സർക്കാർ

അമേരിക്കൻ താരിഫുകളുടെ ആഘാതത്തിൽ നിന്ന് കയറ്റുമതിക്കാരെ സംരക്ഷിക്കാൻ പുതിയ നടപടികൾക്ക് സർക്കാർ രൂപം നൽകുന്നുണ്ട്. ഇന്ത്യൻ ബ്രാൻഡുകൾ വളർത്താനും പ്രോത്സാഹിപ്പിക്കാനും കയറ്റുമതിക്കാരെ സർക്കാർ പ്രേരിപ്പിക്കുന്നു. ഇത് താരിഫുകളെ മറികടക്കാൻ സഹായിക്കുമെന്ന് അധികൃതർ പറയുന്നു. മത്സ്യവിഭവങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്കാർക്ക് ആവശ്യമായ സഹായം നൽകുന്നതിനെക്കുറിച്ചും സർക്കാർ ചർച്ചകൾ നടത്തുന്നുണ്ട്.

പലിശ സബ്സിഡി പോലുള്ള ആനുകൂല്യങ്ങൾ നീട്ടിക്കൊടുക്കുക, യുഎസിലേക്ക് നേരിട്ടുള്ള ഷിപ്പിംഗ് ലൈൻ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കയറ്റുമതിക്കാർ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. സബ്സിഡികൾ നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കയറ്റുമതിക്കാരെ സഹായിക്കാൻ നൂതനമായ വഴികൾ ആരായുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. പ്രത്യേകിച്ച് ചെറുകിട കയറ്റുമതിക്കാരുടെ വായ്പാ ചിലവ് കുറയ്ക്കാൻ ബാങ്കുകൾ റിസ്‌ക് അസസ്മെന്റ് മോഡലുകൾ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇന്ത്യയുടെ കാർഷിക, ക്ഷീരമേഖലകൾ അമേരിക്കയ്ക്ക് തുറന്നുകൊടുക്കില്ലെന്നും ഈ വിഷയത്തിൽ രാജ്യം ഉറച്ചുനിൽക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനം യുഎസ് വ്യാപാര പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top News from last week.

Latest News

More from this section