രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന തിരുപ്പതി ക്ഷേത്രത്തില്‍ സുരക്ഷാ സംവിധാനം ശക്തമാക്കുന്നു. അടുത്ത 40 വര്‍ഷത്തേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അത്യാധുനിക സുരക്ഷാ സംവിധാനവും സൗകര്യങ്ങളും ശക്തമാക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു.
സാധാരണക്കാരായ ഭക്തര്‍ക്കൊപ്പം തന്നെ നിരവധി വിഐപികളും സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് പുതിയ സുരക്ഷാ നടപടി. പ്രതിദിനം 50,000 മുതല്‍ ഒരു ലക്ഷത്തിലധികം വരെ തീര്‍ഥാടകര്‍ തിരുപ്പതി ക്ഷേത്രത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.
ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ വിഐ പികള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. അലാറം മാനേജ്‌മെന്റ് സിസ്റ്റം, ട്രാഫിക്, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സജ്ജമാക്കാനാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) തീരുമാനം. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെ ശ്യാമള റാവു, അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സിഎച്ച് വെങ്കയ്യ ചൗധരി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.സുരക്ഷാ സൗകര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
കൂടുതല്‍ ഭക്തര്‍ എത്തുന്നതിനാല്‍ വേഗത്തില്‍ കാര്യക്ഷമമായി പരിശോധന നടത്താനുള്ള സ്‌കാനറുകള്‍ ആവശ്യമാണ്. ഇത്തരം സ്‌കാനര്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ട്രാഫിക് സംവിധാനങ്ങള്‍, നിരീക്ഷണ കാമറകള്‍, അലാറം സിസ്റ്റം, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും സ്ഥാപിക്കാനുള്ള പദ്ധതിയാണുള്ളത്. ചെക്കുപോസ്റ്റ്കളില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കും.








