ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തുന്ന പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി നഗരത്തിലെ 16 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ജന്തർ മന്തറിലേക്ക് സമരം ചെയ്യുന്ന യുവാക്കളുടെ വൻ ഒഴുക്ക് തുടരുകയാണ്. സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വീണ്ടും ചർച്ചയ്ക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമെ കേരളത്തിലടക്കം വിവിധയിടങ്ങളിൽ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ ഇന്നും നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.









