പലിശനിരക്ക് കുറച്ചതും രക്ഷയായില്ല, സെൻസെക്സ് 400 പോയിന്റ് ഇടിഞ്ഞു; മുത്തൂറ്റും മണപ്പുറവും പത്തുശതമാനം വരെ ഇടിഞ്ഞു

മുംബൈ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ പകരച്ചുങ്കത്തിന്റെ അലയൊലികളിൽ നിന്ന് ഓഹരി വിപണിയെ രക്ഷിക്കാൻ റിസർവ് ബാങ്കിന്റെ പണവായ്പ നയ പ്രഖ്യാപനത്തിനും സാധിച്ചില്ല. സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാൻ റിസർവ് ബാങ്ക് റിപ്പോനിരക്ക് വീണ്ടു കുറച്ചെങ്കിലും അത് വിപണിയിൽ പ്രതിഫലിച്ചില്ല. ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെൻസെക്സ് 400 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 22,500ൽ താഴെയാണ്.
സ്മോൾകാപ്, മിഡ്കാപ് സൂചികകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. ഒന്നരശതമാനമാണ് ഈ സെക്ടറുകളിലെ ഇടിവ്. വിപ്രോ, ടെക് മഹീന്ദ്ര, അദാനി എന്റർപ്രൈസസ്, ഇൻഫോസിസ്, ട്രെൻഡ് എന്നിവയാണ് നഷ്ടം നേരിടുന്ന പ്രധാന കമ്പനികൾ. അതേസമയം ഐടിസി, എംആന്റ്എം, പവർ ഗ്രിഡ്, എച്ച് യുഎൽ എന്നി ചുരുക്കം കമ്പനികൾ നേട്ടം ഉണ്ടാക്കി. ഓട്ടോ, എഫ്എംസിജി സെക്ടറുകൾ ഒഴികെ മറ്റെല്ലാ മേഖലകളും നഷ്ടത്തിലാണ്. സ്വർണ പണയവുമായി ബന്ധപ്പെട്ട് സമഗ്രമായ മാർഗനിർദേശം കൊണ്ടുവരുമെന്ന ആർബിഐ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണപണയ സ്ഥാപനങ്ങൾ കനത്ത ഇടിവ് നേരിട്ടു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവ പത്തുശതമാനം വരെയാണ് ഇടിഞ്ഞത്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസയുടെ നഷ്ടത്തോടെ 86.56 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതാണ് രൂപയുടെ മൂല്യത്തിൽ പ്രതിഫലിക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ഭീതിയാണ് നിക്ഷേപകരെ പണം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ഓഹരി വിപണി കനത്ത ഇടിവാണ് നേരിടുന്നത്.

Top News from last week.

Latest News

More from this section