ടെഹ്‌റാൻ: അമേരിക്കയ്ക്ക് സൈനിക സൗകര്യങ്ങൾ വിട്ടുനൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് മണ്ണൊരുക്കുന്നത് അനുവദിക്കാനാകില്ലെന്ന് ബൾഗേറിയൻ, സൈപ്രസ് നയതന്ത്ര പ്രതിനിധികളെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഫോണിലൂടെ നേരിട്ടറിയിച്ചു.
അടുത്തിടെ 250 യു.എസ് സൈനികർക്കും എട്ട് ടാങ്കർ വിമാനങ്ങൾക്കും ബെസ്മെർ താവളത്തിൽ ബൾഗേറിയ പ്രവേശനാനുമതി നൽകിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ആയുധങ്ങളൊന്നും താവളത്തിലുണ്ടാകില്ലെന്ന നിലപാടിലാണ് ബൾഗേറിയ.
അതേസമയം സൈപ്രസിലെ താവളങ്ങൾ ഇറാന് എതിരെയുള്ള നീക്കങ്ങൾക്ക് ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. സൈപ്രസിലെ ബ്രിട്ടന്റെ ആർ.എ.എഫ് അക്രോത്തിരി താവളത്തിനുനേരെ മുൻപ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സൈനിക നീക്കങ്ങളിൽ അമേരിക്കയെ പിന്തുണയ്ക്കരുതെന്ന് ബ്രിട്ടനും ഇറാൻ റവല്യൂഷണറി ഗാർഡ്സ് അന്ത്യശാസനം നൽകിയിട്ടുണ്ട്.








