ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് അടുക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ തടഞ്ഞ് ഇറാനിയന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡ് എന്ന യുദ്ധക്കപ്പല്‍ സമുദ്രാതിര്‍ത്തിയിലേക്ക് എത്തിയത്. ഉടന്‍ തന്നെ ഇറാന്‍ ഹെലികോപ്റ്റര്‍ അയച്ച് യുദ്ധക്കപ്പലിനെ തടയുകയായിരുന്നുവെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമുദ്രാതിര്‍ത്തിയിലേക്ക് അടുക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുകയും സമുദ്രാതിര്‍ത്തി കടക്കരുതെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്റര്‍ യുദ്ധക്കപ്പലിന് മുകളിലൂടെ പറന്നതോടെ യുഎസ് യുദ്ധക്കപ്പലില്‍ നിന്ന് ഭീഷണിയുണ്ടായി. യുദ്ധക്കപ്പലില്‍ നിന്ന് നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ ഇറാനിയന്‍ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് യുഎസ് യുദ്ധക്കപ്പലില്‍ നിന്ന് ഭീഷണിയുണ്ടായി.
ഹെലികോപ്റ്റര്‍ ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂര്‍ണ സംരക്ഷണയിലാണെന്ന് ഇറാനിയന്‍ വ്യോമ പ്രതിരോധ സേന മറുപടി നല്‍കുകയും ചെയ്തു. ഭീഷണി വകവെക്കാതെ ഇറാന്‍ ഹെലികോപ്റ്റര്‍ സമീപത്ത് തുടര്‍ന്നതോടെ യുഎസ് യുദ്ധക്കപ്പല്‍ തെക്കോട്ട് ഗതി മാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡിന്റെ ദൗത്യത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മറിച്ചുള്ള വിവരങ്ങള്‍ വ്യാജമാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇറാന്റെ ശ്രമമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.








