അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു

ഇതോടെ മേഖലയിൽ നിലനിന്നിരുന്ന ദുർബലമായ വെടിനിർത്തൽ കരാർ തകരുകയും യുദ്ധസമാനമായ സാഹചര്യം സംജാതമാകുകയും ചെയ്തിരിക്കുകയാണ്. ഒമാൻ കടലിൽ ഇറാൻ്റെ വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. ഒമാൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള

ഇറാൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ നിലനിന്നിരുന്ന ദുർബലമായ വെടിനിർത്തൽ കരാർ തകരുകയും യുദ്ധസമാനമായ സാഹചര്യം സംജാതമാകുകയും ചെയ്തിരിക്കുകയാണ്.

തങ്ങളുടെ ചരക്ക് കപ്പലായ ‘തൂസ്ക’ പിടിച്ചെടുത്തതിന് നേരിട്ടുള്ള പ്രതികാരമായാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി. എത്ര ഡ്രോണുകളാണ് അയച്ചതെന്നോ അമേരിക്കൻ കപ്പലുകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പ്രകോപനത്തിന് കൃത്യമായ മറുപടി നൽകുമെന്ന് ഇറാന്റെ സൈനിക കമാൻഡായ ഖാതം അൽ-അൻബിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

സംഘർഷത്തിന് തുടക്കമിട്ട് കപ്പൽ പിടിച്ചെടുക്കൽ

ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇറാനിയൻ പതാക വഹിച്ച തൂസ്ക എന്ന ചരക്ക് കപ്പൽ യുഎസ് സേന പിടിച്ചെടുത്തതാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണമായത്. അമേരിക്കൻ നാവികർ കപ്പലിൽ അതിക്രമിച്ചു കയറി നിയന്ത്രണം ഏറ്റെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. കപ്പൽ ഇപ്പോൾ പൂർണ്ണമായും അമേരിക്കൻ കസ്റ്റഡിയിലാണെന്നും അതിൽ എന്താണുള്ളതെന്ന് പരിശോധിച്ചു വരികയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അമേരിക്കൻ നടപടിയെ ‘സായുധ കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ചൈനയിൽ നിന്ന് വരികയായിരുന്ന വാണിജ്യ കപ്പലിന്റെ നാവിഗേഷൻ സംവിധാനം അമേരിക്കൻ സേന തകർത്തതായും ഇറാൻ ആരോപിച്ചു. ആദ്യം കപ്പൽ പിടിച്ചെടുത്ത വാർത്ത ഇറാൻ നിഷേധിച്ചുവെങ്കിലും യുഎസ് സെൻട്രൽ കമാൻഡ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയായിരുന്നു.

ആഗോള ഊർജ്ജ വിതരണത്തിൽ ആശങ്ക

ലോകത്തെ പ്രധാന ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണി ആശങ്കയിലാണ്. ഇരുരാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ വെടിനിർത്തൽ കരാർ പൂർണ്ണമായും പരാജയപ്പെട്ട നിലയിലാണ്. ഇറാന്റെ ഡ്രോൺ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മേഖലയിൽ യുഎസ് സേന കനത്ത ജാഗ്രത തുടരുകയാണ്. വരും മണിക്കൂറുകളിൽ പശ്ചിമേഷ്യയിൽ കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Top News from last week.

Latest News

More from this section